 
കോന്നി: പുനലൂർ - മൂവാറ്റുപുഴ റോഡ് വികസനവുമായി ബന്ധപ്പെട്ട് നിർമ്മിച്ച ഓടയ്ക്ക് സ്ലാബ് ഇടാത്തത് അപകടങ്ങൾ പെരുകാൻ കാരണമാകുന്നു. സംസ്ഥാനപാതയിൽ വി.എച്ച്.എസ്.സ്കൂളിനു സമീപത്തു നിന്നും ആനക്കൂട് റോഡിലേക്കുള്ള കോൺക്രീറ്റ് റോഡിന്റെ തുടക്കം തന്നെ അപകടക്കെണിയാണ്. കലുങ്കും, ഓടയും സംഗമിക്കുന്ന ഇവിടെ ഒരു വശത്ത് സ്ലാബ് ഇട്ടിട്ടില്ല. ഓടയിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. താലൂക്ക് ആശുപത്രി, ഫോറസ്റ്റ് റേഞ്ച് ഓഫീസ്, ആനത്താവളം, കെ.എസ്.ഇ.ബി, ആർ.ടി.ഒ ഓഫീസ്,താലൂക്ക് ഓഫീസ്,എ.ഇ.ഒ ഓഫീസ്, വാട്ടർ അതോറിറ്റി ഓഫീസ്, സബ് ട്രഷറി, സബ് രജിസ്റ്റർ ഓഫീസ് എന്നിവിടങ്ങളിലേക്ക് എത്താനുള്ള എളുപ്പവഴിയാണിത്. ഈ ഉപറോഡിന്റെ ഇടതുഭാഗത്താണ് ഓടയുള്ളത്. ഇടയ്ക്കിടെ സ്ഥാപനങ്ങൾക്ക് മുന്നിൽ മാത്രമാണ് സ്ലാബിട്ടിട്ടുള്ളത്. മറ്റ് ഭാഗങ്ങൾ തുറന്നു കിടക്കുകയാണ്. സ്കൂളിലേക്കും, റ്റ്യൂഷൻ സെന്ററിലേക്കും നിരവധി വിദ്യാർത്ഥികളാണ് ഇതുവഴി കടന്നു പോകുന്നത്. കാർ അടക്കമുള്ള വാഹനങ്ങൾ കടന്നു വന്നാൽ സ്ലാബ് ഇല്ലാത്തതിനാൽ വശത്ത് ഒതുങ്ങി മാറാനും കഴിയാതെ വിദ്യാർത്ഥികൾ ഓടയിൽ വീഴുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്. അധികൃതർ എത്രയും വേഗം ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.