
മല്ലപ്പള്ളി: പൈപ്പ് പൊട്ടലിനെ തുടർന്ന് അറ്റകുറ്റപ്പണി നടത്താൻ വാട്ടർ അതോറിറ്റി റോഡ് വെട്ടിപ്പൊളിച്ച് നടത്തുന്ന പണി അപകടങ്ങൾക്ക് കാരണമാകുന്നു. വെട്ടിപ്പൊളിക്കുന്ന ഭാഗം നല്ലരീതിയിൽ മൂടാത്തതാണ് അപകടങ്ങൾക്കിടയാക്കുന്നത്. കഴിഞ്ഞ ദിവസം മല്ലപ്പള്ളി - തിരുവല്ല റോഡിൽ മാർക്കറ്റിലേക്ക് കയറുന്ന ഭാഗത്ത് എടുത്ത കുഴിയിൽ നിരവധി പേരാണ് വീണത്. പ്രദേശവാസികൾ മണ്ണിട്ട് കുഴി മൂട്ടിയെങ്കിലും മഴ പെയ്തതോടെ മണ്ണ് ഒലിച്ച് പഴയ നിലയിലായി. ഉന്നത നിലവാരത്തിൽ ടാറിംഗ് ജോലികൾ പൂർത്തിയാക്കിയ റോഡുകളാണ് വെട്ടിപ്പൊളിച്ചത്. കോട്ടയം റോഡിലും വശങ്ങളിൽ നിരവധി കുഴികളാണ് മൂടാതെ കിടക്കുന്നത്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല. റോഡ് വെട്ടിപ്പൊളിക്കുന്നവരോട് കുഴി നന്നായി മൂടണമെന്ന് പറഞ്ഞാൽ കോൺക്രീറ്റ് ഇടുന്നതിന് അടുത്ത ദിവസം വരുമെന്ന് പറഞ്ഞ് മടങ്ങുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
.......................
ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്.
അടിയന്തരമായി പരിഹാരം കാണണം.
ബാബു കുര്യൻ
(യാത്രക്കാരൻ)