1
കൊറ്റനാട് പഞ്ചായത്തിലെ മുക്കുഴിയിൽ തച്ചേട്ട് ശ്രീജിത്തിന്റെ വാഴ കാട്ടുപന്നി നശിപ്പിച്ചപ്പോൾ

മല്ലപ്പള്ളി : താലൂക്കിലെ മിക്ക പ്രദേശങ്ങളിലും കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതോടെ കർഷകർ വലയുന്നു. കോട്ടാങ്ങൽ , കൊറ്റനാട്, എഴുമറ്റൂർ, കല്ലൂപ്പാറ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായാണ് കൃഷി നശിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം കൊറ്റനാട് പഞ്ചായത്തിലെ മുക്കുഴിയിൽ തച്ചേട്ട് ശ്രീജിത്തിന്റെ പുരയിടത്തിലെ വാഴ, ചേമ്പ് തുടങ്ങിയവ പന്നി ക്കൂട്ടം നശിപ്പിച്ചു സംരക്ഷണ വേലികൾ തകർത്താണ് നാശം വിതച്ചത്.വനയോരമേഖലകളിൽ മാത്രം ഉണ്ടായിരുന്ന പന്നിയുടെ ശല്യം ഇപ്പോൾ നാട്ടിൻപുറങ്ങളിലും വ്യാപകമായിരിക്കുകയാണ്. വാഴ,കപ്പ , ചേമ്പ്, ചേന, കാച്ചിൽ പച്ചക്കറികൾ എന്നിവയാണ് ഏറെയും നശിപ്പിക്കപ്പെടുന്നത്. ചില പ്രദേശങ്ങളിൽ നേരം പുലർന്നുകഴിഞ്ഞും ഇവയുടെ ശല്യം ഉണ്ടാകുന്നതായി നാട്ടുകാർ പറയുന്നു. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവർ രാത്രിയിൽ കൃഷി സംരക്ഷിക്കുന്നതിനായി കൃഷിയിടത്തിൽ ഷെഡ് കെട്ടി ആഴികൂട്ടി കാവലിരിക്കുകയാണ്. പണം കടമെടുത്ത് കൃഷി ചെയ്യുന്ന കർഷകർ കടക്കെണിയിലാണ്. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.