എട്ടു വർഷമായി സുജയുടെ ജീവിതയാത്ര
പത്തനംതിട്ട : തെങ്ങിൽ നിന്ന് വീണ് അരയ്ക്ക് താഴെ തളർന്ന ഭർത്താവ് ദാസിനെ ആശുപത്രിയിലെത്തിക്കാൻ ചുമലിലേറ്റി നടക്കുകയാണ് ചരൽക്കുന്ന് പെരുമ്പാറ ചരുവിൽവീട്ടിൽ സുജ. വഴിയില്ലാത്ത വീട്ടിൽ നിന്ന് കുന്ന് കയറിയും ഇറങ്ങിയും ഈ യാത്ര
തുടങ്ങിയിട്ട് എട്ടു വർഷമായി.
തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു ദാസ്. അപകടത്തിൽപ്പെട്ട ദാസിനെ ചികിത്സിച്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു, ഭർത്താവിനെ ഇൗ നിലയിലേ ഇനി കാണാൻ പറ്റൂ. അന്നുമുതൽ ദാസിനെ ചുമലിലേറ്റുകയാണ് മുപ്പത്തിയൊൻപതുകാരിയായ ഇൗ വീട്ടമ്മ.
വീട്ടുചെലവിനും മരുന്നിനും പണംകണ്ടെത്താൻ സുജ ലോട്ടറി കച്ചവടത്തിനിറങ്ങും. ഒരുദിവസം പരമാവധി അഞ്ഞൂറ് രൂപ ലഭിക്കും. മരുന്നുകൾക്ക് ഒരാഴ്ച മൂവായിരം രൂപയ്ക്കടുത്ത് ചെലവാകും.
വീട്ടിൽ നിന്ന് വാഹനസൗകര്യമുള്ള റോഡിലേക്ക് ഇറങ്ങാൻ മാർഗമില്ല. വീട്ടിൽ കിണറുമില്ല.
ടാങ്കിൽ വെള്ളം നിറയ്ക്കുന്നതിന് ആയിരം രൂപയാണ് ചെലവ്. പണമില്ലാത്തപ്പോൾ അയൽക്കാരോട് കൈനീട്ടിയാണ് മരുന്നും വെള്ളവും വാങ്ങാനുള്ള തുക കണ്ടെത്തുന്നത്.
ദാസിന്റെ അമ്മ തങ്ക വീടുവയ്ക്കാൻ അയൽവാസിയിൽ നിന്ന് മൂന്നുസെന്റ് സ്ഥലം വാങ്ങിയപ്പോൾ ആധാരത്തിൽ വഴി രേഖപ്പെടുത്തിയിരുന്നില്ല. തന്റെ പറമ്പിലൂടെ നടന്നുകൊള്ളാനാണ് സ്ഥലം നൽകിയയാൾ പറഞ്ഞത്. പഞ്ചായത്തിൽ നിന്ന് അനുവദിച്ച 75,000രൂപയും മാതാവിന്റെ സമ്പാദ്യവും ഉപയോഗിച്ച് വീട് പണിതു. അമ്മയുടെ മരണശേഷമാണ് ദാസിന് അപകടമുണ്ടായത്. വഴി കിട്ടാൻ പഞ്ചായത്ത് മുതൽ കളക്ടറേറ്റ് വരെ കയറിയിറങ്ങി സുജ. അനുകൂല നടപടിയുണ്ടായില്ല. വീട്ടിലേക്ക് പൈപ്പ് ലൈൻ വഴി വെള്ളം എത്തിക്കാനുള്ള അപേക്ഷയും ഫലം കണ്ടില്ല. വഴിയും ഒരു വീൽചെയറും ലഭിച്ചാൽ സുജയുടെ ചുമലിലെ ഭാരമെങ്കിലും ഒഴിയും. കുടുംബത്തിന്റെ ദയനീയസ്ഥിതി കണ്ട് ചരൽക്കുന്ന് മാർത്തോമാപ്പള്ളി സൗജന്യമായി ഏർപ്പെടുത്തിയ ആംബുലൻസിലാണ് ദാസിനെ കോട്ടയം മെഡിക്കൽകോളേജിൽ പരിശോധനയ്ക്കായി കൊണ്ടുപോകുന്നത്. വലതുവശം ചരിഞ്ഞുള്ള കിടപ്പുകാരണം ദേഹംപൊട്ടി ഒലിക്കുന്ന സ്ഥിതിയിലാണ് ദാസ്. മകളെ ഇടുക്കിയിൽ വിവാഹം കഴിപ്പിച്ചു വിട്ടു. കൂലിപ്പണി ചെയ്യുന്ന മകൻ കുടുംബമായി റാന്നിയിലാണ് താമസം.
'' ദാസിന്റെ വീട്ടിലേക്ക് വഴിയുണ്ടാക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കും. വഴിയുണ്ടെങ്കിൽ മാത്രമേ പൈപ്പുലൈൻ സ്ഥാപിക്കാൻ കഴിയൂ.
സി.എസ്.ബിനോയ്,
തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ്.