kulam
ചെളിവെള്ളം നിറഞ്ഞുകിടക്കുന്ന സ്വാമിപാലം - കൂട്ടുമ്മേൽ റോഡ്

തിരുവല്ല: തകർന്നു തരിപ്പണമായ സ്വാമിപാലം - കൂട്ടുമ്മേൽ റോഡ് നാട്ടുകാർക്ക് ദുരിതമായി. പെരിങ്ങര പഞ്ചായത്തിലൂടെയുള്ള റോഡിന്റെ പലഭാഗത്തും വലിയ കുഴികൾ രൂപപ്പെട്ടതോടെ നടന്നുപോകാൻ ബുദ്ധിമുട്ടാണ്. മഴ തുടങ്ങിയതോടെ കുഴികളിലെല്ലാം വെള്ളം നിറഞ്ഞു യാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവായി. ആലപ്പുഴ - കോട്ടയം - പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന മേപ്രാൽ - കിടങ്ങറ റോഡുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രധാനവഴിയാണ്. അതുകൊണ്ടുതന്നെ ദിവസവും നൂറുകണക്കിന് ആളുകളാണ് ഈ വഴിയെ ആശ്രയിക്കുന്നത്. താലൂക്കിന്റെ പടിഞ്ഞാറൻ മേഖലയിലുള്ളവർക്ക് എം.സി.റോഡിൽ കോട്ടയം ഭാഗത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും ഈവഴി സഹായകമാണ്. രണ്ട് വർഷത്തിലേറെയായി റോഡ് തകർന്നു കിടക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. അടുത്തകാലത്ത് റോഡ് നന്നാക്കുന്നതിനായി 10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു. കൂടുതൽ തകർന്നുകിടക്കുന്ന 310 മീറ്റർ ഭാഗം റീ ടാർ ചെയ്യുന്നത് ഉൾപ്പെടെയുള്ള പദ്ധതിയാണ്‌ തയാറാക്കിയത്. എന്നാൽ തുടർ നടപടികൾ ഉണ്ടായിട്ടില്ല.

.....................

സ്വാമിപാലം - കൂട്ടുമ്മേൽ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കും.

(നാട്ടുകാർ)

................

- 10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടും നടപടിയില്ല

- റോഡ് തകർന്നിട്ട് 2 വർഷം