1
ആലുംമൂട്ടിൽ വളവ്.

കടമ്പനാട് : ചീഫ് എൻജിനീയറുടെ ഉറപ്പും പാലിച്ചില്ല. മണ്ണടി ആലുംമൂട്ടിൽ വളവിലെ അപകടം ഒഴിവാക്കാൻ നടപടിയില്ല. ഓരോ അപകടം നടക്കുമ്പോഴും സുരക്ഷയെക്കുറിച്ച് പൊതുമരാമത്ത് വകുപ്പ് വാചാലരാകും. അപകടം കഴിഞ്ഞാൽ തഥൈവ. ഇതാണ് സ്ഥിതി. കടമ്പനാട് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന കടമ്പനാട് - ഏനാത്ത് ഹൈവേയിലാണ് മണ്ണടി ആലും മൂട്ടിൽ വളവ്. വളവിൽ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. നിരവധി പേർ മരിച്ചിട്ടുമുണ്ട്. റോഡിന് വീതിയില്ലാത്തതും ഭഗവതി മഠത്തിൽ നിന്നു വരുന്ന ഉപറോഡ് വന്നു ചേരുന്ന ഭാഗം കൂടി ആയതിനാലാണ് അപകടം കൂടുന്നത്. അപകടങ്ങൾ തുടർക്കഥയായപ്പോൾ പരാതികളും പ്രതിഷേധങ്ങളും ഉയർന്നു. ഏറ്റവും ഒടുവിൽ മന്ത്രി മുഹമ്മദ് റിയാസിന് നൽകിയ പരാതിയിൽ പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ നേരിട്ടെത്തി സ്ഥലം സന്ദർശിച്ച് ഉടൻ പരിഹാരമുണ്ടാക്കുമെന്ന് പറഞ്ഞു. ഏതാനും ആഴ്ചകൾക്ക് ശേഷം 25 ലക്ഷം രൂപ അനുവദിച്ചതായും പ്രഖ്യാപനം നടന്നു. പക്ഷേ ഒന്നും നടന്നില്ല.

നടപടിവേണമെന്ന് നാട്ടുകാർ

റോഡിന് ഈ ഭാഗത്ത് വീതിയില്ലാത്തതാണ് അപകടത്തിന് പ്രധാന കാരണം. ഉപറോഡ് ഉണ്ടന്നുള്ള സിഗ്നൽ സംവിധാനം വേണം. ഹംബുകൾക്ക് പ്രധാന്യം നൽകണം. ഇനിയും വലിയ അപകടം ഉണ്ടാകുന്നതുവരെ കാത്തിരിക്കാതെ സത്വര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അപകട വളവ് എന്ന പൊളിഞ്ഞു വീണ ബോർഡും, നാട്ടുകാർ സ്ഥാപിച്ച മിററുമാണ് നിലവിൽ ഇവിടുത്തെ പ്രധാന സുരക്ഷാ സംവിധാനങ്ങൾ.