ചെങ്ങന്നൂർ: വെണ്മണി പഞ്ചായത്തിലെ പുന്തലയിൽ കക്കൂസ് മാലിന്യം പൊതുമരാമത്ത് ഓടയിലേക്ക് ഒഴുക്കിവിടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി പഞ്ചായത്ത്. കഴിഞ്ഞ ആഴ്ച ഓടയിലെ മാലിന്യം നീക്കം ചെയ്യാനെത്തിയ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പടെയുളളവരെ പ്രദേശത്തെ പാർട്ടിക്കാരുടെ നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പടെയുളളവർ ചേർന്ന് തടഞ്ഞിരുന്നു. ഇതേ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നതോടെ ഉദ്യോഗസ്ഥർ മടങ്ങി. പുന്തലയിൽ കക്കൂസ് മാലിന്യവും ആശുപത്രി മാലിന്യവും പൊതുമരാമത്ത് ഓടയിലേക്ക് ഒഴുക്കിവിടുന്നത് കേരളകൗമുദി വാർത്തയാക്കിയിരുന്നു. ഇതേ തുടർന്നാണ് പഞ്ചായത്തിന്റെ നടപടി. തിങ്കളാഴ്ച പ്രദേശത്തെ ശുചീകരണ പ്രവർത്തികൾ പുനരാരംഭിക്കും. ശുചീകരണ പ്രവർത്തികൾ തടസപ്പെടാതിരിക്കാൻ പൊലീസ് സംരക്ഷണവും ആവശ്യപ്പെട്ടതായി പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.

ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കും

ആലപ്പുഴ ജില്ലയുടെ കിഴക്കൻ അതിർത്തിപ്രദേശമാണ് വെണ്മണി പഞ്ചായത്തിലെ പുന്തല.കുളനട-കൊല്ലകടവ് റോഡിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് കക്കൂസ് മാലിന്യം പൊതു ഓടയിലേക്ക് ഒഴുക്കിവിടുന്നത് രൂക്ഷമായ ദുർഗന്ധത്തിനും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്കുമാണ് വഴിവച്ചിരുന്നത്. ഈച്ചയും കൊതുകും പെരുകുന്നത് സാംക്രമിക രോഗങ്ങൾക്കും കാരണമാകുമെന്ന ഭീതിയിലാണ് ജനങ്ങൾ. ഓടയിലെ മാലിന്യം കുപ്പണ്ണൂർ പുഞ്ചയിൽ നിന്നും തുടങ്ങി പത്തനംതിട്ട- ആലപ്പുഴ ജില്ലയുടെ അതിർത്തിയിലൂടെ ഒഴുകുന്ന തോട്ടിലേക്കും അവിടെനിന്നും അച്ചൻകോവിലാറ്റിലേക്കുമാണ് എത്തിച്ചേരുന്നത്. വെള്ളം ഉപയോഗിച്ചവർക്ക് ചൊറിച്ചിലും അസ്വസ്തതയും അനുഭവപ്പെട്ടിരുന്നു.ഇതേ തുടർന്ന് ജനങ്ങൾ പരാതി നൽകിയിരുന്നു.

കക്കൂസ് മാലിന്യമൊഴുക്കുന്നവർക്ക് 10000 രൂപ പിഴ

പുന്തലയിൽ പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച ഓടയിലേക്കാണ് വീടുകളിൽനിന്നും പൈപ്പിലൂടെ കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നത്. ഇത് എങ്ങനെയാണ് സംഭവിച്ചതെന്ന് ഓടയുടെ മൂടി ഇളക്കി പരിശോധിച്ചാൽ മാത്രമേ അറിയുകയുളളു. ഓടയിലേക്ക് മാലിന്യം ഒഴുക്കുന്നവർക്കെതിരെ കർശന നിയമനടപടിയും പിഴയും ചുമത്തും.ഓടയുടെ സമീപമുളള വീടുകളിൽ ഇത് സംബന്ധിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്. 15ല്പരം വീടുകളിൽ നിന്നും കക്കൂസ്മാലിന്യം ഓടയിലേക്ക് ഒഴുക്കുന്നുണ്ടെന്നാണ് സൂചന. ഇത്തരക്കാർക്ക് 10000രൂപയിൽ കുറയാത്ത പിഴ ഈടാക്കും.

.............

ശുചീകരണ പ്രവർത്തികൾ പുനരാരംഭിക്കും. ഇത് തടസപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും പഞ്ചായത്തിൽ ചേർന്ന കമ്മിറ്റി ഏക കണ്ഠമായി തീരുമാനമെടുത്തിട്ടുണ്ട്.

സ്‌നേഹ ഗ്ലോറി

(പഞ്ചായത്ത് സെക്രട്ടറി)