റാന്നി: പെരുനാട് പഞ്ചായത്തിൽ കുടിവെള്ളം എത്തിക്കുന്നതിന് ജൽജീവൻ മിഷനിലൂടെ 26 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നു. പഞ്ചായത്തിലെ ജൽ ജീവൻമിഷൻ പ്രവൃത്തികൾ അവലോകനം ചെയ്യുന്നതിനായി അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. റാന്നി- പെരുനാട് കുടിവെള്ളപദ്ധതി, അടിച്ചിപ്പുഴ കുടിവെള്ള പദ്ധതി, നിർമ്മാണത്തിലിരിക്കുന്ന പെരുനാട് - അത്തിക്കയം മേജർ കുടിവെള്ളപദ്ധതി, നിലയ്ക്കൽ കുടിവെള്ള പദ്ധതി എന്നിവിടങ്ങളിൽനിന്നാണ് കുടിവെള്ളം വിവിധ വീടുകളിൽ എത്തിക്കുന്നത്. കേരള വാട്ടർ അതോറിറ്റി പ്രോജക്ട് ഡിവിഷൻ 2838 ഗാർഹിക കണക്ഷനുകളാണ് പെരുനാട് പഞ്ചായത്തിൽ നൽകുക. വാട്ടർ അതോറിറ്റി 1450 കണക്ഷനുകളും നൽകും . പെരുനാട് - അത്തിക്കയം കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തികൾ അവസാനഘട്ടത്തിലാണ്.
അട്ടത്തോട് പട്ടികവർഗ മേഖലയിൽ ഒന്നാം ഘട്ടത്തിൽ തന്നെ കുടിവെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ നിർദ്ദേശിച്ചു. മണ്ണാറക്കുളഞ്ഞി -ചാലക്കയം ശബരിമല പാതയിൽ നിർമ്മാണ പ്രവൃത്തികൾ തുടങ്ങുന്നതിനുമുമ്പ് റോഡ് മുറിച്ച് പൈപ്പുകൾ സ്ഥാപിക്കണം. ബിമ്മരം കോളനിയിൽ കുടിവെള്ളം എത്തിക്കാൻ പ്രത്യേക പദ്ധതി തയാറാകണം. പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹൻ യോഗത്തിൽ അദ്ധ്യക്ഷനായി.