 
ചെങ്ങന്നൂർ: കുട്ടികൾക്കായി മധുരം കിനിയും ഫലങ്ങൾ ഇനി സ്‌കൂൾ അങ്കണത്തിൽ വിളയും. സമഗ്ര ശിക്ഷാ കേരളം ചെങ്ങന്നൂർ ബി.ആർ.സിയുടെയും നന്മമരം ഗ്ലോബൽ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ മുണ്ടൻകാവ് ഗവ.ജെ.ബി സ്‌കൂളിൽ മധുരവനം പദ്ധതിയ്ക്ക് തുടക്കമായി. മാവ്, പേര, ചാമ്പ, മാങ്കോസ്റ്റിൻ, സീതപ്പഴം തുടങ്ങി വിവിധയിനം ഫലവൃക്ഷതൈകൾ കുട്ടികളുടെ പങ്കാളിത്തത്തോടെ സ്‌കൂൾ മുറ്റത്ത് നട്ടുപിടിപ്പിച്ചു. വിദ്യാലയങ്ങൾ ജൈവ വൈവിദ്ധ്യത്തിന്റെയും കേന്ദ്രങ്ങൾ ആകണമെന്ന ആശയമാണ് ഇത്തരം പദ്ധതികളിലൂടെ നടപ്പിലാക്കുന്നത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.സുരേന്ദ്രൻ പിള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ജി.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ കോർഡിനേറ്റർ ജയറാണി സെബാസ്റ്റ്യൻ, അസിസ്റ്റന്റ് കോർഡിനേറ്റർ വി.ഹരിഗോവിന്ദ്, സ്‌കൂൾ പ്രഥമാദ്ധ്യാപിക ബെറ്റ്‌സി എ.എസ് ,എസ്.എം.സി ചെയർമാൻ അനിൽ, പി.ടി.എ പ്രസിഡന്റ് അനസ് പൂവാലപ്പറമ്പിൽ, അദ്ധ്യാപിക അഞ്ജലി എൻ ഇളയത്ത്, ക്ലസ്റ്റർ കോർഡിനേറ്റർമാരായ ശ്രീഹരി ജി, ശ്രീജ എസ് എന്നിവർ പങ്കെടുത്തു.