ചെങ്ങന്നൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ നേപ്പാൾ സ്വദേശിനിക്ക് എല്ലാ വിഷയങ്ങൾക്കും എപ്ലസ്. ചെങ്ങന്നൂർ സെന്റ് ആൻസ് എച്ച്.എസ്.എസ് വിദ്യാർത്ഥിനിയായ മോണിക്ക നേപ്പാൾ സ്വദേശികളായ ഗോകുൽ പാണ്ഡേ- ജീവൻപാണ്ഡേ ദമ്പതികളുടെ മൂത്ത മകളാണ്. 2001ൽ ചെങ്ങന്നൂരിലെത്തിയതാണ് ഗോകുൽ. ചെങ്ങന്നൂരിലെ ഒരു വീട്ടിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുന്നു. 2005ൽ ഭാര്യ ജീവൻപാണ്ഡെയേയും ഇദ്ദേഹത്തോടൊപ്പം ഇവിടെയെത്തി. മോണിക്ക പിറന്നതും ചെങ്ങന്നൂരിലാണ്. ഒന്നാം ക്ലാസു മുതൽ സെന്റ് ആൻസ് സ്‌കൂളിലാണ് മോണിക്ക പഠിച്ചത്. പഠനത്തിൽ മിടുക്കിയായ മോണിക്കയുടെ സംസാരം കേട്ടാൽ ആരും മലയാളിയല്ലെന്ന് പറയില്ല. പ്‌ളെസ്ടുവിന് സയൻസ് ഗ്രൂപ്പ് പഠിച്ച് നഴ്‌സാകാനാണ് മോണിക്കയുടെ ആഗ്രഹം. ഇളയ സഹോദരൻ കിരൺ പാണ്ഡേ പുത്തൻകാവ് മെട്രോപ്പൊലിറ്റൻ എച്ച്.എസ്.എസിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്.