 
കോന്നി: പ്രകൃതി മാടി വിളിക്കുകയാണ് വനന്തര ഗ്രാമമായ കൊക്കാത്തോട്ടിലേക്ക് കല്ലേലി വഴി കൊക്കാത്തോട്ടിലേക്കുള്ള യാത്രമദ്ധ്യേ തലയുയർത്തി നിൽക്കുകയാണ് പ്രതികാരത്തിന്റെ കഥപറയുന്ന കാട്ടാത്തിപ്പാറ. കോന്നി വനം ഡിവിഷനിലെ വനമേഖല ചുറ്റി കിടക്കുകയാണ് ഈ വനന്തര ഗ്രാമം. കോന്നി കല്ലേലി കൊക്കാതോട് വനയാത്ര ആരിലും ഉണർവ് പകരുന്നതാണ്. കല്ലേലിയിലെ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റ് കടന്നുവേണം വനത്തിലേക്ക് പ്രവേശിക്കാൻ. കല്ലേലി ഉരാളിയപ്പൂപ്പൻ കാവിൽ താമ്പൂലം സമർപ്പിച്ചിട്ടാണ് പലരും വനത്തിലേക്ക് പ്രവേശിക്കുന്നത്. അച്ചൻകോവിലാർ വനപാതയ്ക്ക് സമാന്തരമായി ഒഴുകുന്നു. ഇന്ത്യ ബർമ്മ യുദ്ധത്തിൽ പങ്കെടുത്ത സൈനികർക്ക് അന്നത്തെ സർക്കാർ അനുവദിച്ചു നൽകിയ ഒരേക്കർ വീതമുള്ള സ്ഥലങ്ങൾ ഇന്നും ഒരേക്കർ എന്നപേരിൽ അറിയപ്പെടുന്നു. അള്ളുങ്കലിൽ തുടങ്ങി കോട്ടാംപാറയിൽ അവസാനിക്കുന്നതാണ് ഈ വനാന്തര ഗ്രാമം. അരുവാപ്പുലം പഞ്ചായത്തിലെ രണ്ടു വാർഡുകളിൽ ഉൾപ്പെടുന്നതാണ്.
കാട്ടുമൃഗങ്ങളുടെ വിഹാരകേന്ദ്രം
ഇക്കോ ടൂറിസം വികസനത്തിൽ കാട്ടാത്തിപാറക്കുള്ള സ്ഥാനം വലുതാണ്. സമീപത്തു തന്നെ പാപ്പിനി, ഒളക്കശാന്തി തുടങ്ങിയ പാറകളുമുണ്ട്. മലപണ്ടാരവിഭാഗത്തിലെ ആദിവാസികൾ താമസിക്കുന്ന കാട്ടാത്തി, കോട്ടംപാറ ആദിവാസി ഊരുകളും ഇവിടെയാണ്. വനയാത്രയിൽ ആന,കാട്ടുപോത്ത്,കേഴ,മ്ലാവ്,കൂരൻ, പന്നി എന്നിവയെ കാണാം.
കാടിന്റെ വശ്യ സൗന്ദര്യം
കാട്ടുവള്ളികൾ കുടപിടിച്ച വനം, വിശാലമായ പുൽപ്പരപ്പ്, ചെറിയ നീരുറവകൾ എന്നിവ ഈ വനമേഖയിൽ പലയിടത്തും കാണാം. നീരുറവയിൽ മുഖം കഴുകി കാട്ടുപുല്ലുകളെ വകഞ്ഞു വേണം മലകയറാൻ. അങ്ങ് അകലെ കിഴക്ക് തലയുയർത്തി അനേകം പാറകൾ അകലെ മഞ്ഞു മൂടി നില്കുന്ന മലനിരകൾ. മലകയറുമ്പോൾ പേരറിയാത്ത അനേകം കാട്ടുപൂക്കൾ കാണാം. കാട്ടാത്തി പാറയുടെ ഒരുവശത്ത് തേനീച്ചക്കൂടുകൾ. ഇവിടെനിന്നുള്ള സൂര്യോദയവും അസ്തമയവും മനോഹര കാഴ്ചയാണ് സമ്മാനിക്കുന്നത്. കൊക്കാത്തോട് വനമേഖലയിലാണ് തകർന്നടിഞ്ഞ പുരാതന ക്ഷേത്രമായ കുറിച്ചി അന്നപൂർണേശ്വരി ക്ഷേത്രം. കാട്ടാനകളുള്ള ഈ വനത്തിലേക്ക് അധികമാരും പോകാറില്ല.