തിരുവല്ല: അടിക്കടിയുള്ള വൈദ്യുതി മുടക്കം കാരണം മേപ്രാൽ നിവാസികൾ പൊറുതിമുട്ടി. കാർഷിക ഗ്രാമീണ മേഖലയായ മേപ്രാൽ, ആലംതുരുത്തി, വേങ്ങൽ, സ്വാമിപാലം എന്നിവിടങ്ങളിലാണ് വൈദ്യുതിയുടെ ഒളിച്ചുകളി തുടരുന്നത്. അധികൃതർ അറിയിച്ചും അറിയിക്കാതെയും വൈദ്യുതി മുടങ്ങുന്നത് ഇവിടെ പതിവാണ്. മഴക്കാലമായതോടെ സന്ധ്യകഴിഞ്ഞാൽ മിക്കപ്പോഴും പ്രദേശം ഇരുട്ടിലാകും. ഇതുകൂടാതെയാണ് പകൽനേരങ്ങളിൽ വൈദ്യുതി ലൈനിലെ മരച്ചില്ലകൾ മുറിച്ചു മാറ്റാനായി പലപ്പോഴും വിതരണം നിറുത്തുന്നത്. വൈദ്യുതിമുടക്കം പ്രഖ്യാപിതമായാലും അപ്രഖ്യാപിതമായാലും ദുരിതം ജനങ്ങൾ സഹിക്കണം. രാത്രിയിലെ അതിരൂക്ഷമായ കൊതുക് ശല്യമാണ് നാട്ടുകാരുടെ ഉറക്കംകെടുത്തുന്നത്. കറണ്ടില്ലെങ്കിൽ ഫാനോ കൊതുകിനെ തുരത്താനുള്ള ലിക്കുഡേറ്ററോ ഉപയോഗിക്കാനാകില്ല. പെരിങ്ങര പഞ്ചായത്തിലെ അതിർത്തി പ്രദേശമായ ഇവിടെ ഇരുട്ടിനെ മറയാക്കി മോഷണങ്ങളും പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഇന്ധനവില വർദ്ധിച്ചതോടെ വാഹനങ്ങളിൽ നിന്ന് പെട്രോൾ മോഷണം ഉൾപ്പെടെ നടക്കുന്നു. മണിപ്പുഴ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിന്റെ പരിധിയിലാണ് ഈ പ്രദേശം. പരാതി അറിയിക്കാൻ ഒാഫീസിലേക്ക് ഫോൺ വിളിച്ചാൽ മിക്കപ്പോഴും കിട്ടാറില്ല. ജീവനക്കാരെ വിളിച്ചാൽ നിരുത്തരവാദിത്വപരമായ സമീപനമാണ് അവർ സ്വീകരിക്കുന്നതെന്നും നാട്ടുകാർ പരാതിപ്പെടുന്നു. തുടർച്ചയായി വൈദ്യുതി മുടക്കം നേരിടുന്ന ഈ പ്രദേശത്ത് കേബിൾ സംവിധാനം നടപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

തുടർച്ചയായി വൈദ്യുതി മുടങ്ങുന്ന പ്രശ്നം പരിഹരിക്കാൻ

കെ.എസ്.ഇ.ബി അധികൃതർ അടിയന്തരമായി ഇടപെടണം.


ഗോപാലൻ
സ്വാമിപാലം