 
@ സ്ഥാപനങ്ങളിലെ മാലിന്യങ്ങൾ ഓടയിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തി
@ മാലിന്യം ഓടയിൽ തള്ളുന്നവർക്കെതിരെയും പ്ലാന്റ് സ്ഥാപിക്കാത്തവർക്കെതിരെയും നടപടിയെന്ന് അധികൃതർ 
തിരുവല്ല: നഗരത്തിലെ ഓടകളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും മണ്ണും നീക്കം ചെയ്യുന്ന ജോലികൾ തുടങ്ങി. ടി.കെ. റോഡിലെ എസ്.സി.എസ് ജംഗ്ഷൻ മുതൽ വൈ.എം.സി.എ.ജംഗ്ഷൻ വരെയുള്ള ഭാഗത്തെ ഓടകളാണ് ശുചീകരിക്കുന്നത്. പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം തിരുവല്ല സെക്ഷന്റെ നേതൃത്വത്തിൽ ഓടയുടെ സ്ളാബുകൾ നീക്കി നടത്തിയ പരിശോധനയിൽ ചില സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യക്കുഴലുകൾ ഓടയിലേക്ക് ഘടിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി.കക്കൂസ് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും ഇതിലൂടെ ഓടയിലേയ്ക്ക് ഒഴുക്കുകയാണെന്ന് അധികൃതർ പറഞ്ഞു. മാലിന്യസംസ്‌കരണം സ്ഥാപനങ്ങൾ അവരുടെ സ്ഥലത്ത് തന്നെ ചെയ്യേണ്ടതാണ്. എന്നാൽ സ്ഥാപന ഉടമകൾ ഇതേക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞതോടെ ഇക്കാര്യങ്ങൾ നഗരസഭാ ആരോഗ്യവിഭാഗത്തെ അറിയിച്ചശേഷം ഇത്തരം മാലിന്യക്കുഴലുകൾ അടയ്ക്കുമെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു. പലയിടത്തും മണ്ണും മാലിന്യങ്ങളും അടിഞ്ഞുകൂടി മലിനജലം കെട്ടിക്കിടക്കുകയായിരുന്നു. മാലിന്യങ്ങളുടെ ദുർഗന്ധം രൂക്ഷമായതിനെ തുടർന്ന് പരാതികൾ ഉയർന്നതോടെയാണ് ഓടകളുടെ ശുചീകരണം നടത്തുന്നത്. സ്വന്തമായി മാലിന്യസംസ്‌ക്കരണ പ്ലാന്റ് സ്ഥാപിക്കാത്ത സ്ഥാപനങ്ങൾ പരിശോധിച്ച് കണ്ടെത്തുമെന്നും കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെ ഓടയിലേക്ക് ഒഴുക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. സ്ളാബുകൾ നീക്കിമാറ്റി ഓടകൾ വൃത്തിയാക്കുന്ന പ്രവർത്തികൾ നടക്കുന്നതിനാൽ നഗരത്തിലെ ടി.കെ.റോഡിൽ വാഹന ഗതാഗതത്തിനും 30 വരെ ഭാഗികമായി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.