vayana

പത്തനംതിട്ട : വായനദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം 20ന് രാവിലെ 10.30ന് അടൂർ ബോയ്‌സ് എച്ച്.എസ്.എസിൽ ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും. ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.പി.ജയൻ വായനദിന സന്ദേശം നൽകും. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് മെമ്പർ പ്രൊഫ.ടി.കെ.ജി നായർ വായനാനുഭവം പങ്കുവയ്ക്കും. അടൂർ നഗരസഭ ചെയർമാൻ ഡി.സജി, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. പി.എൻ.പണിക്കർ ഫൗണ്ടേഷൻ ജില്ലാ പ്രസിഡന്റ് ഫാ.ഡോ. ഏബ്രഹാം മുളമൂട്ടിൽ വായനദിന പ്രതിജ്ഞ ചൊല്ലും. വായനയുടെ വസന്തകാലം പരിപാടിയുടെ ഭാഗമായി ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ വിദ്യാർത്ഥികളുമായി സംവദിക്കും.
ഇന്ന് മുതൽ ജൂലൈ 7 വരെ ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണമായും പി.എൻ.പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് മുതൽ ജൂലൈ 18 വരെ ദേശീയ വായനദിന മാസാചരണമായും വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ പ്രതിജ്ഞ, അക്ഷരമരം, കൈയെഴുത്ത് മാസിക തയാറാക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കും. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ വിവരപൊതുജനസമ്പർക്കം, വിദ്യാഭ്യാസം, തദ്ദേശഭരണം, പഞ്ചായത്ത് വകുപ്പുകൾ, കുടുംബശ്രീ, സാക്ഷരതാമിഷൻ, കാൻഫെഡ്, ജില്ലാ ലൈബ്രറി കൗൺസിൽ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ, ഐടി മിഷൻ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുക.