കോന്നി: കല്ലേലി ചെളിക്കുഴി മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി റേഞ്ചിന്റെ പരിധിയിലുള്ള പ്രദേശമാണിത്. കഴിഞ്ഞ അഞ്ചു ദിവസമായി രാത്രിയിൽ ഇവിടെ കാട്ടാന കൂട്ടമായി ഇറങ്ങിയിരുന്നു. ഒറ്റയാൻ ശല്യവുമുണ്ട്. മുൻപ് ഹാരിസൺസ് മലയാളം പ്ളാന്റേഷന്റെ കല്ലേലി തോട്ടത്തിലും പതിവായി കാട്ടാനകൾ എത്തുന്നുണ്ടായിരുന്നു. കാട്ടാനകൾ പ്രദേശത്തെ കാർഷിക വിളകൾ നശിപ്പിക്കുകയും ജനജീവിതത്തിന് ഭീഷണിയാകുകയും ചെയ്യുന്നുണ്ട്. വനം വകുപ്പ് പ്രദേശത്ത് പെട്രോളിംഗ് നടത്തുന്നില്ലെന്ന പരാതിയുണ്ട്. പുലർച്ചെ റബർ ടാപ്പിംഗിനു പോകുന്ന തൊഴിലാളികളും ഭീതിയിലാണ്. കാട്ടാനകൾ അടക്കമുള്ള വന്യ മൃഗങ്ങൾ നാട്ടിലിറങ്ങാതിരിക്കാനുള്ള ശാസ്ത്രീയമായ സുരക്ഷ സംവിധാനങ്ങൾ വനം വകുപ്പ് ഒരുക്കണമെന്നും കാർഷിക വിളകൾ നശിച്ച കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നുമാണ് കർഷകരുടെ ആവശ്യം.