 
തിരുവല്ല: തകർന്ന് തരിപ്പണമായി കിടന്നിരുന്ന കൂട്ടുമ്മേൽ - സ്വാമിപാലം റോഡിലെ കുഴികൾ പൗര സമിതിയുടെ നേതൃത്വത്തിൽ അടച്ചു. ഇന്നലെ ഉച്ചയോടെയാണ് റോഡിലെ കുഴികൾ ക്വാറി മക്ക് ഉപയോഗിച്ച് നികത്തിയത്. ജെ.സി.ബി ഉപയോഗിച്ചാണ് അറ്റകുറ്റപ്പണി നടത്തിയത്. ഒന്നര കിലോമീറ്റർ ദൂരം വരുന്ന റോഡിന്റെ തുടക്കം മുതൽ അവസാനം വരെയുള്ള ഭാഗം ഏതാണ്ട് പൂർണമായും തകർന്നിരുന്നു. ജനങ്ങളുടെ യാത്രാദുരിതം സംബന്ധിച്ചു കേരളകൗമുദി കഴിഞ്ഞദിവസം റിപ്പോർട്ട് നൽകിയിരുന്നു. റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്കേൽക്കുന്നത് പതിവായതോടെയാണ് കുഴികൾ നികത്താൻ പൗരസമിതി മുന്നിട്ടിറങ്ങിയത്. വാർഡുമെമ്പർ ടി.വി.വിഷ്ണു നമ്പൂതിരി, ഡോ.മത്തായി, ശശിശേഖരൻ നായർ,ഗിരീഷ് കോതേക്കാട്ട്, ഗിരീഷ് നാരായണൻ നമ്പൂതിരി, രാജു പടിക്കൽ, കൃഷ്ണൻകുട്ടി എന്നിവർ നേതൃത്വം നൽകി.