schoool1-
കോന്നി ഗവ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർഥികളെ കൊണ്ടുപോകുന്ന ജീപ്പുകൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു

കോന്നി: ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന് സ്വന്തമായി വാഹനം ഇല്ലാത്തത് വിദ്യാർത്ഥികളെ ദുരിതത്തിലാക്കുന്നു. മലയോരമേഖലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ സ്‌കൂളുകളിൽ ഒന്നാണിത്. ഇവിടെ 1500ന് മുകളിൽ വിദ്യാർത്ഥികൾ ഉണ്ട്. എന്നാൽ ഇതുവരെ സ്‌കൂളിന് വാഹനം വാങ്ങാൻ കഴിഞ്ഞിട്ടില്ല. പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ ജില്ലയിൽ മികച്ച നിലവാരം പുലർത്തുന്ന സ്‌കൂളിൽ സ്വന്തമായി വാഹനമില്ലാത്തതും വിദ്യാർത്ഥികളെ വലയ്ക്കുന്നു. ദൂര സ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ വന്നു പോകുവാൻ വാടകയ്ക്ക് എടുത്ത ചില ജീപ്പുകൾ മാത്രമാണ് ആശ്രയം .ഇതിൽ തിങ്ങി നിറഞ്ഞാണ് കുട്ടികൾ സ്‌കൂളിൽ വരുന്നത്. പല രക്ഷിതാക്കളും സ്വന്തം വാഹനത്തിൽ ദിവസവും കുട്ടികളെ കൊണ്ടുവരികയും തിരികെ കൊണ്ടുപോവുകയും ചെയ്യുന്നുണ്ട്. സ്‌കൂളിലേക്ക് വിദ്യാർത്ഥികളെ കൊണ്ടുവരുന്ന ജീപ്പുകൾ കഴിഞ്ഞ ദിവസം മോട്ടോർ വാഹനവകുപ്പ് പരിശോധിക്കുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു. ഇത് വിദ്യാർത്ഥികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. സ്‌കൂളിലെ പല വിദ്യാർത്ഥികളും സമീപത്തെ ഗവ.എൽ.പി സ്‌കൂളിന്റെ വാഹനത്തിലാണ് പോകുന്നത്. കൊച്ചു കുട്ടികൾ അടക്കം പൊലീസ് സ്റ്റേഷന് മുൻപിലൂടെ തിരക്കുള്ള റോഡിൽ നടന്നാണ് ഗവ.എൽ.പി സ്‌കൂളിലേക്ക് വാഹനത്തിൽ കയറാൻ പോകുന്നത്. ജനപ്രതിനിധികളുടെ അടിയന്തര ഇടപെടീൽ നടത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.