1
മല്ലപ്പള്ളി കാർഷീക ഗ്രാമവികസന ബാങ്ക് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ.സജി ചാക്കോ

മല്ലപ്പള്ളി: മല്ലപ്പള്ളി കാർഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി പ്രസിഡന്റായി പ്രൊഫ.ഡോ.സജി ചാക്കോയേയും, വൈസ് പ്രസിഡന്റായി സുരേഷ് ബാബു പാലാഴിയേയും എതിരില്ലാതെ തിരഞ്ഞെടുത്തു. ബാങ്കിന്റെ ഭരണസമിതിയിലേക്ക് ഇന്നലെ നടന്ന ഫലപ്രഖ്യാപനത്തിൽ 12 ഭരണസമിതി അംഗങ്ങൾ ഐകകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അവസാന നിമിഷം ചില ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നു. കോൺഗ്രസ് ഭരണസമിതി പാനൽ തീരുമാനത്തിനായി ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ സഹകരണ ജനാധിപത്യവേദി ജില്ലാ പ്രസിഡന്റ് അഡ്വ.ജയവർമ്മ, ബാങ്ക് പ്രസിഡന്റ് പ്രൊഫ.ഡോ സജി ചാക്കോ, വൈസ് പ്രസിഡന്റ് സുരേഷ് ബാബു പാലാഴി എന്നിവർ ഡി.സി.സി ഓഫീസിൽ കൂടിയ യോഗത്തിൽ പ്രൊഫ.ഡോ.സജി ചാക്കോയെ പ്രസിഡന്റായും, വൈസ് പ്രസിഡന്റായി സുരേഷ് ബാബുപാലാഴിയെയും തിരഞ്ഞെടുക്കണമെന്ന് തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നുകൂടിയ ഭരണസമിതി ഇവരെ ഐകകണ്ഠേന തിരഞ്ഞെടുക്കുകയായിരുന്നു. വരണാധികാരി ബീനാ ഐസക്കാണ് ഫലപ്രഖ്യാപനം നടത്തിയത്. തുടർന്ന് നടന്ന അനുമോദന സമ്മളനം മല്ലപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റും, മല്ലപ്പള്ളി താലൂക്ക് ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റുമായ റെജി പണിക്കമുറി ഉദ്ഘാടനം ചെയ്തു. ജനതാദൾ (നാഷണൽ ) ജില്ലാപ്രസിഡന്റ് മധു ചെമ്പുകുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തോമസ്.ടി,തുരുത്തിപ്പള്ളി, ടി.പി ഭാസ്കരൻ, സഹാറാണി.എസ്, സുഗതകുമാരി .കെ.അനിലാ ഫ്രാൻസിസ് അഡ്വ.സാം പട്ടേരി,വി.പി ഫിലിപ്പോസ്, പുഷ്കരൻ മല്ലപ്പള്ളി എന്നിവർ എന്നിവർ സംസാരിച്ചു.