 
അടൂർ : അടൂർ ബൈപാസ് റോഡിലും കെ. പി റോഡിൽ ഏഴംകുളത്തും നടന്ന രണ്ട് വാഹനാപകടങ്ങളിലായി രണ്ട് യുവാക്കൾ മരിച്ചു. അടൂർ ബൈപാസ് റോഡിൽ ഇന്നലെ പുലർച്ചെ 3.20 ന് ഉണ്ടായ കാർ അപകടത്തിൽ മേലൂട് അതുൽ ഭവനിൽ പരേതനായ കാർത്തികേയന്റെ മകൻ കെ. എസ്. അതുൽ (28) ആണ് മരിച്ചത്. ഗരുതരതരമായി പരിക്കേറ്റ സഹയാത്രികൻ പെരിങ്ങനാട് അനിൽ ഭവനിൽ അഭിജിത്ത് (28) നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതുലാണ് കാർ ഒാടിച്ചത്. നെല്ലിമൂട്ടിൽ പടിയിൽ നിന്ന് അടൂർ ബൈപാസ് റോഡിലൂടെ അമിതവേഗത്തിൽ വന്ന കാർ മൂന്നാളം റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ കലുങ്കിൽ ഇടിച്ച് തകർന്നായിരുന്നു അപകടം. തൊട്ടുപിന്നാലെ വന്ന പൊലീസിന്റെ ഹൈവേ പെട്രോൾ സംഘം വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേന വാഹനത്തിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ബൈപാസ് റോഡിൽ സ്ട്രീറ്റ് ബേ എന്ന പേരിൽ ഭക്ഷണസാധനങ്ങളുടെ വിൽപന നടത്തുകയായിരുന്നു അതുൽ . മാതാവ്: ശ്യാമള. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.
ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെ അടൂർ - പത്തനാപുരം റൂട്ടിൽ ഏഴംകുളം ജംഗ്ഷന് സമീപമുണ്ടായ വാഹനാപകടത്തിൽ മൗണ്ട് സിയോൺ മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ അങ്ങാടിക്കൽ പാണൂർ മുരുപ്പേൽ ഷിജു ഭവനിൽ സിജു അലക്സ് (31) മരിച്ചു. ടിപ്പർലോറി സിജു സഞ്ചരിച്ച സ്കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കുഴിയിലേക്ക് തെറിച്ചുവീണ ഇയാളെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്.
ഭാര്യ: റൂബി മക്കൾ: ഷാരോൺ, ഷാലക്ക്