veena

പത്തനംതിട്ട : ജില്ലയിൽ വിവിധ കാരണങ്ങളാൽ തീർപ്പാക്കാത്ത ഫയലുകൾ ഒക്ടോബറി​നുള്ളിൽ തീർപ്പാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചു. ഓൺലൈനായി നടത്തിയ ജില്ലാതല ഫയൽ അദാലത്ത് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലയിലെ സർക്കാർ ഓഫീസുകളിൽ തീർപ്പാക്കാനുള്ള ഫയലുകളുടെ കൃത്യമായ കണക്ക് എല്ലാവകുപ്പുകളും ഇന്ന് ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. ഓരോ വകുപ്പുകളുമായി ബന്ധപ്പെട്ട് ജില്ലയിലെ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തരം തിരിച്ച് സമയബന്ധിതമായി തീർപ്പാക്കണം. ഇതിനായി ആക്ഷൻ പ്ലാൻ തയാറാക്കി 25നകം ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. സാങ്കേതിക കാരണങ്ങളാൽ തീർപ്പാക്കാൻ സാധിക്കാത്ത ഫയലുകൾ സംബന്ധിച്ച് ജില്ലാ ഓഫീസർ മുഖേന വകുപ്പ് മേധാവികളെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.
തീർപ്പാക്കാനുള്ള ഫയലുകൾ സംബന്ധിച്ച് എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച ജില്ലാതല അവലോകന യോഗം നടത്താനും തീരുമാനമായി.
വിവിധ വകുപ്പു മേധാവികളുമായി നടന്ന ചർച്ചയിൽ തീർപ്പാക്കാനുള്ള ഫയലുകളുടെ കണക്ക് മന്ത്രി വിലയിരുത്തി. കൃത്യമായ പ്രവർത്തനങ്ങൾ നടത്തിയവരെ അഭിനന്ദിച്ചു.
സംസ്ഥാന തലത്തിൽ നിന്നുള്ള നിർദേശം അനുസരിച്ച് ഫയലുകൾ തരംതിരിച്ച് ലിസ്റ്റ് തയ്യാറാക്കും. എല്ലാ ഓഫീസുകളിലും ഒരു നോഡൽ ഓഫീസറും മൂന്ന് ഉദ്യോഗസ്ഥർ അടങ്ങിയ അദാലത്ത് സെൽ രൂപീകരിക്കുമെന്നും ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ പറഞ്ഞു. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ എം മഹാജൻ, എ.ഡി.എം ബി. രാധാകൃഷ്ണൻ എന്നി​വർ പങ്കെടുത്തു.