 
തിരുവല്ല: അടുത്തകാലത്ത് നവീകരിച്ച കാവുംഭാഗം - മുത്തൂർ റോഡിലെ മന്നംകരച്ചിറ പാലത്തിന്റെ കൈവരി അജ്ഞാത വാഹനമിടിച്ച് തകർന്നു. കഴിഞ്ഞദിവസം രാത്രിയിൽ ഭാരം കയറ്റിവന്ന വലിയ വാഹനമിടിച്ചാണ് കോൺക്രീറ്റ് ചെയ്ത കൈവരി തകർന്നത്. ഇരുവശങ്ങളിലേക്കും രണ്ടു കാറുകൾക്ക് ഒരേസമയം കടന്നുപോകാൻ പോലും വീതിയില്ലാത്ത പാലമാണിത്. കൈവരി ഇടിഞ്ഞതോടെ യാത്രക്കാർ അപകട ഭീഷണിയിലായി. റോഡ് രാജ്യാന്തര നിലവാരത്തിൽ ഉയർത്തിയപ്പോൾ ഇടുങ്ങിയ പാലം പൊളിച്ചു പണിതില്ല. ഇപ്പോൾ ടോറസും ടിപ്പറും ഉൾപ്പെടെയുള്ള നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി ചീറിപ്പായുന്നത്. വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ അശ്രദ്ധയുണ്ടായാൽ പാലത്തിന് താഴെയുള്ള തോട്ടിൽ വീഴാനിടയുണ്ട്. പാലം പുതുക്കി പ്പണിയാനായി കഴിഞ്ഞ ബഡ്ജറ്റിൽ തുക വകയിരുത്തിയതിനെ തുടർന്ന് മണ്ണുപരിശോധന നടത്തിയിരുന്നു. എന്നാൽ തുടർനടപടി ഉണ്ടായില്ല. തിരുവല്ല - മാവേലിക്കര സംസ്ഥാന പാതയെയും തിരുവല്ല - കോട്ടയം എം.സി റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിലെ മന്നംകരച്ചിറ പാലത്തിന് നാൽപ്പത് വർഷത്തോളം പഴക്കമുണ്ട്.