അടൂർ മണക്കാല, ഏനാത്ത്, തിരുവല്ല സി.എസ്.എെ വി.എച്ച്.എസ്.എസ്

എന്നീ ഡഫ് സ്കൂളുകൾക്ക് 100% വിജയം.

പത്തനംതിട്ട : പ്ലസ് ടുവിന് ജില്ലയിലെ 83 സ്‌കൂളുകളിലായി രജിസ്റ്റർചെയ്ത 11617 കുട്ടികളിൽ 11517 പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ 8743 പേർ വിജയിച്ചു. 75.91 ആണ് ജില്ലയുടെ വിജയ ശതമാനം. സംസ്ഥാനതലത്തിൽ ജില്ലക്ക് പതിമൂന്നാം സ്ഥാനമാണുള്ളത്. 568 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.

ടെക്‌നിക്കൽ വിഭാഗത്തിൽ 198 പേർ പരീക്ഷ എഴുതിയതിൽ 176 പേർ വിജയിച്ചു. 88 ശതമാനം വിജയമുണ്ട്. എല്ലാ വിഷയങ്ങൾക്കും 15 പേർക്ക് എ പ്ലസും ലഭിച്ചിട്ടുണ്ട്. ഓപ്പൺസ്‌കൂൾ വിഭാഗത്തിൽ 37 പേർ പരീക്ഷ എഴുതി. 34 പേർ വിജയിച്ചു. വിജയശതമാനം 91.89. രണ്ട് പേർക്ക് എ പ്ലസ് ലഭിച്ചു. വി.എച്ച്.എസ്.ഇയിൽ 1599 പേർ പരീക്ഷ എഴുതിയതിൽ 1144 പേർ ഉപരി പഠനത്തിന് യോഗ്യത നേടി. 71.54 ശതമാനം പേർ വിജയിച്ചു. കഴിഞ്ഞ തവണ 67.99 ആയിരുന്നു വി.എച്ച്.എസ്.ഇ വിജയശതമാനം.

ഒരുപടി കയറി, ശതമാനത്തിൽ താഴേക്ക്

ഹയർസെക്കൻഡറി ഫലത്തിൽ ഇത്തവണയും ജില്ലയ്ക്ക് വലിയ മാറ്റമില്ല. ഓരോ തവണയും പ്ലസ്ടു ഫലം വരുമ്പോൾ ജില്ല പിന്നിൽ തന്നെയാണ്. ഇത്തവണ പതിമൂന്നാം സ്ഥാനത്താണ് ജില്ല. കഴിഞ്ഞ വർഷം 82.53 വിജയശതമാനവുമായി പതിനാലാം സ്ഥാനത്തായിരുന്നു. ഇത്തവണ ഒരു പടി കയറിയെങ്കിലും ശതമാനക്കണക്കിൽ താഴേക്ക് പോയി. 75.91%.

2020ലും 82.74 ശതമാനവുമായി ജില്ല ഏറ്റവും പിന്നിലായിരുന്നു. 2019ൽ 78 ശതമാനം, 2018ൽ 77.16 ശതമാനം എന്നിങ്ങനെയായിരുന്നു വിജയം.

2011 മുതൽ ഓരോവർഷവും ഹയർ സെക്കൻഡറി വിജയ ശതമാനത്തി​ൽ ജില്ല താഴോട്ട് പോകുകയാണ്. വിജയശതമാനം ഉയർത്താൻ ജില്ലാപഞ്ചായത്ത് തയാറാക്കുന്ന പദ്ധതികൾ ഫലം കാണുന്നില്ല. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ട്യൂഷന്റെ അഭാവം, ഹയർസെക്കൻഡറി ഡയറക്ടറേറ്റിന്റെ ഇടപെടൽ ഇല്ലായ്മ, ഇംഗ്ലീഷ് വിഷയങ്ങളിൽ പ്രത്യേക പരിശീലനം ഇല്ലാത്തത് തുടങ്ങിയവയാണ് പ്ളസ് ടു ഫലം ഉയരാത്തതിന്റെ കാരണമായി വിലയിരുത്തപ്പെടുന്നത്.