 
കോഴഞ്ചേരി : കുറിയന്നൂർ സഹകരണബാങ്ക് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തെ തുടർന്ന് ഡി.വൈ.എഫ്.എെ നേതാവിനെ വെട്ടിയ കേസിൽ രണ്ട് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ. കോയിപ്രം പുല്ലാട് കൊണ്ടൂർ വീട്ടിൽ നൈജിൽ കെ. ജോണി(31)നെ വധിക്കാൻ ശ്രമിച്ച കേസിൽ തോട്ടപ്പുഴ കോളഭാഗം ചേന്നമല ചരിവുകാലായിൽ അരുൺ ശശി (29), കോയിപ്രം പുല്ലാട് ചാത്തൻ പാറ കൃഷ്ണഭവൻ വീട്ടിൽ അമൃതാനന്ദ് (29) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് പോയ നൈജിലിനെ വഴിയരികിൽ ബൈക്ക് നിറുത്തി ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കു പിന്നിൽ അടിച്ചുവീഴ്ത്തുകയായിരുന്നു. അടിക്കാൻ ഉപയോഗിച്ച് ഇരുമ്പ് പൈപ്പ് പൂവത്തൂരിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കോയിപ്രം പൊലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാർ, എസ്.ഐ അനൂപ്, എ.എസ്.ഐ വിനോദ് കുമാർ, ഷിറാസ്, സി.പി ഒമാരായ ബില്ല, ശ്രീജിത്ത്, സാജൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.