പത്തനംതിട്ട: യോഗയിലെ മികവിലൂടെ നാടിന് അഭിമാനമായി മാറുകയാണ് വെൺകുറിഞ്ഞി എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി രേവതി രാജേഷ്. ദേശീയതലത്തിൽ യോഗാ ഒളിമ്പ്യാഡിൽ സ്വർണ മെഡൽ നേടിയാണ് ഇൗ പത്താംക്ളാസുകാരി നേട്ടം കൈവരിച്ചത്. എരുമേലി ചെമ്പകപ്പാറ സ്വദേശി രാജേഷിന്റെ മകളാണ്. 2019ൽ ഡൽഹിയിൽ നടന്ന ദേശീയ യോഗ ഒളിമ്പ്യാഡിൽ വെങ്കല മെ‌ഡൽ നേടിയിരുന്നു. 2017, 18, 19 വർഷങ്ങളിലെ ദേശീയ സ്കൂൾ ഗയിംസിൽ പങ്കെടുത്തിട്ടുണ്ട്. യോഗ പരിശീലനത്തിലും യോഗ എയ്റോബിക്സിലും കുട്ടികൾക്ക് സ്കൂൾ മികച്ച പരിശീലനം നൽകുന്നുണ്ട്. സംസ്ഥാന, ദേശീയ അന്തർദേശീയ മത്സരങ്ങളിൽ ഇവിടെനിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കാറുണ്ട്. കായിക അദ്ധ്യാപികയായ റെജി എസാണ് നേതൃത്വം നൽകുന്നത്. 2016ൽ ആദ്യമായി കേരളത്തെ പ്രതിനിധീകരിച്ചത് ഇൗ സ്കൂളിലെ മനു മനോജാണ്. മലയോര മേഖലയുടെ പിന്നാക്കാവസ്ഥയുടെ പരിമിതികളെ അതിജീവിച്ച് പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ മികച്ച നേട്ടങ്ങൾ കൈവരിച്ചതായി പ്രിൻസിപ്പൽ രാജശ്രീ പറഞ്ഞു.