അടൂർ : നഗരഹൃദയത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള അടൂർ റിംഗ് റോഡ് പദ്ധതിയുടെ നാലാംവാർഡിലൂടെയുള്ള അലൈൻമെന്റ് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നു. ചിലരെ സഹായിക്കാനാണ് മാറ്റം വരുത്തുന്നതെന്നാണ് ആരോപണം. കെ. ഐ. പി കനാൽ റോഡ് മാത്രം വിനിയോഗിച്ചും പലപ്പോഴായി നഷ്ടമായ കെ. ഐ. പി യുടെ പുറമ്പോക്ക് ഭൂമി തിരിച്ചുപിടിച്ചുമാണ് റിംഗ് റോഡ് നിർമ്മിക്കാൻ തീരുമാനിച്ചത്. കൃഷിഭൂമിയിലൂടെ പന്നിവിഴ ചേന്തുകളും ഭാഗത്തുനിന്ന് വയലിലൂടെ ഉൗട്ടിമുക്കിലെത്തിച്ചേരത്തക്കവിധം അലൈൻമെന്റ് മാറ്റാനാണ് നീക്കം. കഴിഞ്ഞ ദിവസം സർവേയും നടന്നു. കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരുടെ നെൽവയലുകളാണ് ഇൗ ഭാഗത്തുള്ളത്. നെൽവയൽ വിലയ്ക്കെടുത്ത് ഇരുവശങ്ങളിലും സംരക്ഷണ ഭിത്തി നിർമ്മിച്ച് മണ്ണിട്ടു നികത്തി റോഡാക്കി മാറ്റണമെങ്കിൽ കോടിക്കണക്കിന് രൂപയുടെ അധികച്ചെലവുണ്ടാകും. അതേസമയം നിലവിലുള്ള കനാൽ റോഡ് വീതുകൂട്ടി വിപുലപ്പെടുത്തിയാൽ ഇതിന്റെ നാലിലൊന്ന് പോലും ചെലവുവരില്ല. കെ. ഐ. പി വക സ്ഥലം പലരും കൃഷിയിറക്കിയും കുടിലുകൾ കെട്ടിയും കൈവശപ്പെടുത്തിയിരിക്കുകയാണ്. ഇൗ കൈയേറ്റങ്ങൾ മാത്രം ഒഴിപ്പിച്ചാൽ നിശ്ചിത വീതിയിൽ റോഡ് വീതികൂട്ടാൻ കഴിയും.എന്നാൽ വസ്തു കൈയേറിയവരെ സംരക്ഷിക്കുന്ന നടപടിയാണ് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. അലൈൻമെന്റിൽ മാറ്റം വരുത്താനുള്ള നീക്കം പുനപരിശോധിക്കണമെന്നും ഇല്ലെങ്കിൽ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും സി. പി.എം അടൂർ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീനി എസ്. മണ്ണടി അറിയിച്ചു.