ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്തിൽ 36കോടി രൂപ ചെലവഴിച്ച് കുട്ടനാട് റൈസ് പാർക്ക് ആരംഭിക്കുന്നു. പ്രഭുറാം മില്ലിൽ ഏറ്റെടുത്ത അഞ്ച് ഏക്കർ ഭൂമിയിലാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. നൂറുകണക്കിന് യുവതി യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതി യാഥാർത്ഥ്യമാക്കുക വഴി ജില്ലയിലെ നെൽകർഷകർക്കും ഏറെ പ്രയോജനം ലഭിക്കും. നെല്ലിൽ നിന്നും നിരവധി മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ നിർമ്മാണവും വിപണനവും ഈ പദ്ധതിയിലൂടെ യാഥാർത്ഥ്യമാകും. നിലവിലുള്ള മില്ലിന്റെ ഒന്നാംഘട്ട ആധുനിക വൽക്കരണം 2.5 കോടി രൂപ വിനിയോഗിച്ച് പൂർത്തീകരിച്ചു. മില്ലിന്റെ രണ്ടാം ഘട്ട നവീകരണ പ്രവർത്തനങ്ങൾ മന്ത്രി പി രാജീവ് ജൂലൈ ഒന്നിന് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘ രൂപീകരണ യോഗം മന്ത്രി സജി ചെറിയാൻ ഇന്നലെ നിർവഹിച്ചു. മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് എൻ.പദ്മകാരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രമ മോഹൻ,ഡി പ്രദീപ്,കെ.കെ സദാനന്ദൻ, മറിയക്കുട്ടി,പി.എസ് മോനായി, ബീന ചിറമേൽ, പി.എസ് ഗോപാലകൃഷ്ണൻ, പ്രഭുറാം മിൽ മാനേജർ എ.കെ സാബു എന്നിവർ പ്രസംഗിച്ചു.