കോന്നി: കോന്നിയിൽ കോടതികൾ ആരംഭിക്കാൻ നടപടിയായില്ല. സിവിൽ, മജിസ്‌ട്രേറ്റ് കോടതികൾ കോന്നി താലൂക്കിൽ അനുവദിക്കാൻ ഹൈക്കോടതി ശുപാർശ നൽകിയിരുന്നു. നടപ്പാകാൻ സർക്കാർ തലത്തിലുള്ള തീരുമാനമാണ് വേണ്ടത്. കോന്നിയോടൊപ്പം താലൂക്കായി ഉയർത്തിയ പത്തനാപുരത്ത് കോടതികൾ പ്രവർത്തിച്ചുതുടങ്ങി. പത്തനംതിട്ട, അടൂർ, റാന്നി കോടതികളുടെ പരിധിയിലാണ് ഇപ്പോൾ കോന്നി താലൂക്ക് . തേക്കുതോട്, തണ്ണിത്തോട്, കൊക്കാത്തോട് പ്രദേശങ്ങളിലുള്ളവർ കോടതി ആവശ്യങ്ങൾക്ക് പത്തനംതിട്ടയിലാണെത്തുന്നത്. കോന്നി താലൂക്കായിട്ട് എട്ടുവർഷമായി. അടൂർ പ്രകാശ് എം.പി റവന്യൂ മന്ത്രിയായിരുന്ന കാലത്താണ് താലൂക്ക് രൂപീകരിച്ചത്. ജില്ലാ രൂപീകരണം മുതലുള്ള ആവശ്യമായിരുന്നു കോന്നി കേന്ദ്രികരിച്ച് താലൂക്ക് വേണമെന്നുള്ളത്. റവന്യു അടിസ്ഥാനത്തിൽ താലൂക്കുകൾ പുനസംഘടിപ്പിക്കുന്നത് പഠിക്കാൻ നിയോഗിച്ച മിനി മാത്യു കമ്മിഷനും മൂർത്തി കമ്മിഷനും കോന്നി കേന്ദ്രികരിച്ച് താലൂക്ക് രൂപീകരിക്കാൻ അന്ന് ശുപാർശ ചെയ്തിരുന്നു. താലൂക്ക് രൂപീകരിച്ച ശേഷം നിരവധി സർക്കാർ സ്ഥാപനങ്ങൾ കോന്നിയിൽ വന്നെങ്കിലും ഇതുവരെ കോടതി യാഥാർത്ഥ്യമായിട്ടില്ല. കോടതികൾക്ക് കെട്ടിടം സജ്ജമാക്കാൻ പ്രാദേശിക ഭരണകൂടങ്ങൾ ഉൾപ്പെടെ തയാറായിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് കൊല്ലം, ചെങ്ങന്നൂർ കോടതികളുടെ ഭാഗമായിരുന്നു ജില്ലയിലെ മലയോരപ്രദേശങ്ങൾ. പത്തനംതിട്ടയിൽ കോടതി വന്നതോടെ അവിടേക്ക് മാറുകയായിരുന്നു. കോന്നി, അരുവാപ്പുലം, പ്രമാടം, മലയാലപ്പുഴ, മൈലപ്ര, തണ്ണിത്തോട്, വള്ളിക്കോട് വില്ലേജുകളാണ് കോന്നി താലൂക്കിൽ ഉൾപ്പെടുന്നത്. കോടതികൾക്കയായി സ്ഥലം കണ്ടെത്തി കെട്ടിടം നിർമ്മിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കെ.യു ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.