 
തിരുവല്ല: തോട്ടഭാഗം-ചങ്ങനാശേരി റോഡിന്റെ പുനരുദ്ധാരണം നാലുവർഷം കഴിഞ്ഞിട്ടും പൂർത്തിയായില്ല. വീതിയെടുപ്പ് ഉൾപ്പെടെയുള്ള പണികൾ പലയിടത്തും മുടങ്ങി. 12 മീറ്റർ വേണ്ടയിടത്ത് ചിലയിടങ്ങളിൽ പത്തുമീറ്ററിൽ താഴെയാണ്. ഏഴുമീറ്റർ വീതിയിലാണ് ടാറിങ്. ബാക്കി വീതി നടപ്പാത, ഓട, ബസ്‌ബേ, പാർക്കിങ് തുടങ്ങിയവയ്ക്കാണ്. ആദ്യഘട്ട ടാറിംഗ് നടത്തിയതാണ് അൽപ്പം ആശ്വാസം. ഓടയുടെ പണികളും പൂർത്തിയാകാതെ കിടക്കുന്നു. കാലവർഷം ശക്തിപ്രാപിക്കും മുമ്പേ പണികൾ പൂർത്തിയായില്ലെങ്കിൽ ഈവർഷം മുഴുവനും ജോലികൾ ഇഴയാനാണ് സാദ്ധ്യത.
കവിയൂർ, ഞാലിക്കണ്ടം, എൻ.എസ്.എസ് സ്‌കൂൾ എന്നിവിടങ്ങളിൽ ഓടയുടെ പണികൾ ബാക്കിയാണ്. ഇവിടെ ചിലയിടങ്ങളിൽ തകരഷീറ്റുകൊണ്ട് ഓടകൾ മൂടിയത് യാത്രക്കാർക്ക് അപകടക്കെണിയായി. കിഫ്ബിയുടെ ഫണ്ടുപ്രകാരം പൊതുമരാമത്താണ് ആദ്യം പണികൾ നടത്തിവന്നിരുന്നത്. ഇത് കിഫ്ബി ഏറ്റെടുത്ത് നടത്താൻ തുടങ്ങിയിട്ട് ഒരുവർഷത്തോളമായി. എന്നിട്ടും തടസങ്ങൾ മാറുന്നില്ല.
റോഡിന്റെ വികസനത്തിനുള്ള വീതികൂട്ടൽ ഉൾപ്പെടെ അനിശ്ചിതമായി നീളുകയാണ്. കവിയൂരിൽ പഞ്ചായത്ത് ഒാഫീസ്, വില്ലേജ് ഓഫീസിന് സമീപം എന്നിവിടങ്ങളിൽ വീതികൂട്ടാനുണ്ട്. കാണിക്കമണ്ഡപത്തിന്റെ ഭാഗത്തും പഴയവില്ലേജ് ഓഫീസ് പടിക്കലും വളവുകൾ നിവർക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതും ഉണ്ടായില്ല. പായിപ്പാട് മുതൽ പെരുന്ന വരെ സ്ഥലം ഏറ്റെടുക്കൽ ഭാഗികമായേ നടന്നിട്ടുള്ളൂ. ഭൂവുടമകളിൽ പലരും വസ്തു വിട്ടുകൊടുക്കാൻ തയ്യാറാകാത്തതാണ് പ്രശ്‌നം. ഇവിടങ്ങളിൽ അളന്നുതിട്ടപ്പെടുത്തിയ പുറമ്പോക്ക് ഏറ്റെടുക്കുന്ന നടപടികളും ഇഴയുന്നു.
തോട്ടഭാഗം -ചങ്ങനാശേരി റോഡ് നിർമ്മാണം വൈകുന്നത് സംബന്ധിച്ച് വകുപ്പ് മന്ത്രിക്ക് പരാതി അയച്ചിരുന്നു. താലൂക്ക് സഭയിലും പ്രശ്നം ഉന്നയിച്ചതാണ്. ഒടുവിൽ കെ.ആർ.എഫ്.ബി അധികൃതരുമായി ബന്ധപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ല
എം.ഡി. ദിനേശ് കുമാർ
കവിയൂർ പഞ്ചായത്ത് പ്രസിഡന്റ്