മല്ലപ്പള്ളി:പുറമറ്റംപഞ്ചായത്തിൽ സ്വന്തം പ്രസിഡന്റിനെതിരെ എൽ.ഡി.എഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസം തള്ളി. ഇന്നലെ രാവിലെ 11ന് നടന്ന അവിശ്വാസ വോട്ടിൽ നിന്നും നിലവിലെ പ്രസിഡന്റ് സൗമ്യ ജോബിയും യു.ഡി.എഫിലെ ആറ് അംഗങ്ങളും വിട്ടു നിന്നതിനെ തുടർന്നാണ് അവിശ്വാസപ്രമേയം കോയിപ്രം ബി.ഡി.ഒ തള്ളിയത്. 13 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫ് 7 ,യു.ഡി.എഫ് 6 എന്നതാണ് കക്ഷിനില. എൽ.ഡി.എഫ് ധാരണ പ്രകാരം പഞ്ചായത്ത് അഞ്ചാം വാർഡിൽ നിന്നും എൽ.ഡി.എഫ് സ്വതന്ത്രയായി വിജയിച്ച സൗമ്യ ജോബിക്ക് നൽകിയ ഒരു വർഷ കാലാവധി 2021 ഡിസംബർ 29ന് പിന്നിട്ടിട്ടും രാജി വെക്കാത്തതിനെ തുടർന്ന് പാർട്ടി നേതൃത്വത്തിന്റെ അറിവോടെ നടത്തിയ അവിശ്വാസപ്രമേയമാണ് ഇതോടെ തള്ളിയത്. യു.ഡി.എഫിലെ ഒരു അംഗം എൽ.ഡി.എഫിൽ എത്തുമെന്ന അഭ്യൂഹം നിലനിന്നിരുന്നെങ്കിലും യു.ഡി.എഫ് അംഗങ്ങൾ പൂർണമായി വിട്ടത് പ്രസിഡന്റ് സൗമ്യ ജോബിക്ക് അവിശ്വാസ പ്രമേയം അനുകൂലമാക്കി. പ്രസിഡന്റ് യു.ഡി.എഫ് പക്ഷത്തേക്ക് മാറുകയും വൈസ് പ്രസിഡന്റ് എൽ.ഡി.എഫിലെ ശോശാമ്മ തോമസിന് എതിരായ അവിശ്വാസ പ്രമേയത്തിൽ ഒപ്പുവെക്കുകയും ബി.ഡി.ഒയ്ക്ക് നല്കയും ചെയ്തു. പ്രസിഡന്റിന്റെ കൂറുമാറ്റം എൽ.ഡി.എഫിന് കനത്ത തിരിച്ചടിയായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിൽ അവസാന സമയത്ത് എൽ.ഡി.എഫിലെ നാല് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസത്തെ യു.ഡി.എഫിലെ നാല് അംഗങ്ങൾ അനുകൂലിച്ച് വോട്ടുചെയ്ത് അധികാരം തിരിച്ചുപിടിച്ച എൽ.ഡി.എഫിന് കനത്ത തിരിച്ചടിയാണ് അവിശ്വാസ പ്രമേയത്തിലൂടെ ഇപ്പോൾ യു.ഡി.എഫ് നല്കിയത്.