പത്തനംതിട്ട: ബഫർസോൺ റദ്ദാക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് ജില്ലാകമ്മിറ്റി ജൂലായ് രണ്ടിന് പത്തനംതിട്ട ഹെഡ്‌പോസ്റ്റ് ഒാഫീസിന് മുന്നിൽ ഉപവാസം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എം.എൽ.എമാരടക്കം മുഴുവൻ സമയവും പങ്കെടുക്കും. ബഫർസോൺ വിഷയത്തിൽ സുപ്രീം കോടതിയിൽ കക്ഷിചേരാൻ തീരുമാനിച്ച സംസ്ഥാന സർക്കാർ നടപടി സ്വാഗതാർഹമാണ്. . സുപ്രിംകോടതി വിധി നടപ്പാക്കുവാൻ വനംവകുപ്പ് റിമോട്ട് സെൻസിംഗ് മുഖേന അളവെടുപ്പ് ആരംഭിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധി വരുന്നതുവരെ ഈ നടപടി നിറുത്തിവയ്ക്കണം. ഗാഡ്ഗിൽ റിപ്പോർട്ട് വന്നതോടെയാണ് കേരളത്തിലെ പകുതിയോളം പ്രദേശ ങ്ങളിലെ ജനവാസ കേന്ദ്രങ്ങൾ കുടിയിറക്കലിന്റെ ആശങ്കയിലായത്. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ജനവാസ കേന്ദ്രങ്ങൾ പൂർണമായും ഒഴിവാക്കണമെന്ന തീരുമാനമെടുത്ത് കേന്ദ്രസർക്കാരിന് സമർപ്പിച്ചു. ബഫർസോൺ ഉത്തരവ് സുപ്രിംകോടതി പുറപ്പെടുവിച്ചപ്പോഴും ഒരുകിലോമീറ്റർ ദൂരപരിധി അംഗീകരിക്കാൻ കഴിയില്ലെന്നും ജനവാസകേന്ദ്രങ്ങളെ പൂർണമായും ബഫർസോൺ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് സംസ്ഥാനസർക്കാരിന്റെ ആവശ്യം. വാർത്താ സമ്മേളനത്തിൽ എൽ.ഡി.എഫ് കൺവീനർ അലക്‌സ് കണ്ണമ്മല, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, സി. പി. ഐ ജില്ലാ സെക്രട്ടറി എ. പി.ജയൻ, മുൻ എം. എൽ. എ രാജു എബ്രഹാം എന്നിവർ പെങ്കടുത്തു.