 
റാന്നി: വെച്ചൂച്ചിറ പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളെ ബന്ധിപ്പിക്കുന്ന പൊന്നരുവി തോടിന് കുറുകെയുള്ള മുല്ലശേരിപ്പടിയിലെ നടപ്പാലം അപകട ഭീഷണിയിൽ. 2018ലെ പ്രളയ സമയത്ത് മലവെള്ളപ്പാച്ചിലിൽ നടപ്പാലത്തിന്റെ ഒരുഭാഗം ഒലിച്ചു പോയിരുന്നു. നാലു വർഷങ്ങൾ പിന്നിടുമ്പോഴും തകർന്ന നടപ്പാലം പുനർ നിർമ്മിക്കാനോ, അറ്റകുറ്റപ്പണി നടത്താനോ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പാലം നിത്യവും ഉപയോഗിക്കുന്ന ഇരുകരയിലും താമസിക്കുന്ന ജനങ്ങൾ അന്നത്തെ പഞ്ചായത്ത് ഭരണസമിതിയോടും ഇരു വാർഡിലെ മെമ്പർമാരോടും ഈ നടപ്പാലം ശരിയാക്കി നൽകണമെന്ന് നിരവധി തവണ ആവശ്യപ്പെടുകയുണ്ടായെങ്കിലും ഉടനടി ശരിയാക്കിത്തരാം എന്നുള്ള മറുപടിയാണ് അവർക്ക് ലഭിച്ചത്. പക്ഷേ കാലം ഇത്രയായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വീണ്ടും ഇവരെ സമീപിക്കുമ്പോൾ ഫണ്ട് അനുവദിച്ചിട്ടുണ്ട് ഉടൻ ശരിയാകും എന്നുള്ള മറുപടിയാണ് ലഭിക്കുന്നത്. വാറ്റുന്ന് ഭാഗത്തുനിന്നും വെച്ചൂചിറ സെന്റ് തോമസ് സ്കൂളിലേക്ക് നടന്നു വരുന്ന കുട്ടികൾ ആശ്രയിക്കുന്ന എളുപ്പ വഴിയാണിത്. കൂടാതെ വാറ്റുകുന്ന് ഭാഗത്തുനിന്നും വെച്ചുച്ചിറ - കനകപ്പലം റോഡിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്ന ഒരു വഴികൂടിയാണിത്. നാട്ടുകാർ ചേർന്ന് ആദ്യം കവുങ്ങിൽ തടികൾ ഇട്ടിരുന്നെങ്കിലും കാലപ്പഴക്കം ചെന്ന് നശിച്ചതിനാൽ ഇപ്പോൾ ഒടിഞ്ഞ വൈദ്യുതി പോസ്റ്റിന്റെ ഒരുഭാഗം ഇട്ട് സാഹസികമായിട്ടാണ് ജനങ്ങൾ മറുകര എത്തുന്നത്.