23-karimbu1
ജില്ലാ കൃഷി ഓഫീസർ ഷീല എ.ഡി. ഉദ്ഘാടനം ചെയ്യുന്നു

പന്തളം: കരിമ്പ് കൃഷിയിൽ നൂതനവിത്ത് ഉത്പാദന രീതിയുമായി കടയ്ക്കാട് കരിമ്പ് വിത്ത് ഉത്പാദന കേന്ദ്രം. സാധാരണ കരിമ്പ് തലക്കങ്ങളാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. പുതിയ രീതിയിൽ തലക്കങ്ങളിൽ നിന്ന് മുകുളങ്ങൾ വേർപെടുത്തിയെടുത്താണ് തൈകൾ തയ്യാറാക്കുന്നത്. ഒരു കരിമ്പിൻ തലക്കത്തിൽ നിന്ന് പത്തോളം തൈകൾ ഉത്പാദിപ്പിക്കാം . ഇതിലൂടെ കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കാൻകഴിയും . ഒരു തലക്കത്തിൽ നിന്ന് ഒരു വിത്ത് ലഭിച്ചിരുന്ന സ്ഥാനത്താണ് പത്തോളം വിത്ത് ഉത്പാദിപ്പിക്കാൻ കഴിയുന്നത്.
തലക്കങ്ങൾക്കു പകരം ട്രേയിലാണ് തൈകൾ തയ്യാറാക്കുന്നത്. ഇതിലൂടെ കർഷകർക്ക് ഒരേക്കറിൽ 5 ടൺ തലക്കത്തിനു പകരം 4500 മുതൽ 4700 വരെ തൈകൾ മതിയാകും. ഒപ്പം കൂടുതൽ ഇട അകലത്തിൽ നടുന്നത് മൂലം ആദ്യത്തെ മൂന്ന് മാസം ഇടവിളയായി പച്ചക്കറി നടാൻ കഴിയും. തന്മൂലം കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കാൻ കഴിയുന്നതിനൊപ്പം കൃഷി ചെലവ് കുറയ്കാമെന്ന മെച്ചവുമുണ്ട്. കോയമ്പത്തൂരിലെ ഷുഗർ കെയ്ൻ ബ്രീഡിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് തൈകൾ ഉൽപാദിപ്പിക്കുന്നതിനുള്ള പരിശീലനം നേടിയതെ ന്ന് പന്തളം കരിമ്പ് വിത്ത് ഉത്പാദന കേന്ദ്രം കൃഷി ഓഫീസർ എം എസ് വിമൽ കുമാർ പറഞ്ഞു.
25 ഏക്കറുള്ള കടയ്ക്കാട് ഫാമിൽ 11 ഏക്കറിൽ കരിമ്പാണ് കൃഷി ചെയ്തിരിക്കുന്നത് ഇന്നലെ ഒരേക്കറിൽകൂടി കൃഷി ഇറക്കിയതോടെ ഇത്തവണ 12 ഏക്കറിൽ കൃഷിയായി. മാധുരി ,മധുരിമ എന്നീ വിത്തിനങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്. മാധുരിയുടെ വിത്താണ് കിളിപ്പിച്ചെടുത്ത് നട്ടത്.
5 ടൺ തലക്കത്തിന് 27000 രൂപ മുടക്കേണ്ടിടത്ത് 15000 രൂപയ്ക്ക് തൈകൾ തയാറാക്കാം. ഒപ്പം ഗുണമേന്മയുള്ള കൂടുതൽ വിളവ് ഇതിലൂടെ നേടുന്നതിനും കഴിയും. പന്തളം കരിമ്പുവിത്തുത്പാദന കേന്ദ്രത്തിൽ സുസ്ഥിര കരിമ്പ് കൃഷി ആരംഭിച്ചു. ഉദ്ഘാടനം പത്തനംതിട്ട ജില്ലാ കൃഷി ഓഫീസർ ഷീല എ.ഡി.നിർവഹിച്ചു.ഒരു ഏക്കറിലാണ് നൂതന രീതിയിൽ കരിമ്പിൻ തൈകൾ തയ്യാറാക്കി നട്ടത്.