 
പന്തളം : പന്തളം വലിയ തമ്പുരാൻ രേവതി നാൾ പി.രാമവർമ്മ രാജാ (103) ഇനി ഓർമ്മ. ബുധനാഴ്ച രാത്രി 10.15 ന് ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിൽ വച്ചായിരുന്നു അന്ത്യം. മൂപ്പുമുറയനുസരിച്ച് 2002 ലാണ് രാമവർമ്മ രാജാ വലിയ തമ്പുരാനായി അവരോധിക്കപ്പെട്ടത്.അയ്യപ്പന്റെ പിതൃസ്ഥാനിയനായി 20 വർഷം ഭക്തരെ അനുഗ്രഹിച്ചിരുന്നു . പന്തളം ലഷ്മിവിലാസം കൊട്ടാരത്തിൽ മംഗല തമ്പുരാട്ടിയുടെയും കരിവേലി ഇല്ലത്ത് ദേവദത്തൻ നമ്പുതിരിയുടെയും ഏഴുമക്കളിൽ രണ്ടാമനായി 1919 ഒക്ടോബർ പത്തിനായിരുന്നു ജനനം. ചെറുപ്പം മുതൽതന്നെ കമ്മ്യൂണിസ്റ്റ് പുരോഗമന വാദിയായിരുന്നു. തോന്നല്ലൂർ യു.പി.സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മാവേലിക്കര സ്‌പെഷ്യൽ സ്‌കൂൾ , കോട്ടയം സി.എം.എസ്, തിരുവനന്തപുരം ട്രാവൻകൂർ യുണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായിരുന്നു പഠനം. മൂന്ന് വർഷം മെഴുവേലി എസ്.എൻ.ഡി.പി സ്‌കൂൾ ഉൾപ്പെടെയുള്ള സ്‌കൂളുകളിൽ അദ്ധ്യാപകനായി. അതിനുശേഷം മുംബെയിൽ റെയിൽവേ ഉദ്യോഗസ്ഥനായി. ഇതിനിടെ മുംബെ ഗവ.ലോ കോളജിൽ നിന്ന് എൽ.എൽ.ബി. നേടി. 1978 ൽ ഭാര്യാഗൃഹമായ ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിൽ സ്ഥിര താമസമാക്കി. 1982ൽ രാജപ്രതിനിധിയായി ശബരിമലയ്ക്ക് പോയിരുന്നു. പിതൃ സ്ഥാനീയനായതോടെ ശബരിമലയ്ക്ക് പോകാൻ ആചാരം അനുവദിക്കില്ലായിരുന്നു. പന്തളം വലിയ കോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടുമ്പോൾ ഉടവാളും ഭസ്മവും നൽകി രാജ പ്രതിനിധിയെ ശബരിമലയ്ക്ക് അയയ്ക്കുന്നത് വലിയതമ്പുരാനായിരുന്നു. 2020 മുതൽ അനാരോഗ്യം കാരണം പങ്കെടുക്കാറില്ലായിരുന്നു.സംസ്കാരം നടത്തി. ഭാര്യ: പരേതയായ രുക്മിണി തമ്പുരാട്ടി മക്കൾ.. ഡോ.എസ്.ആർ. വർമ്മ, എ.ആർ.വർമ്മ, ശശിവർമ്മ, രമ തമ്പുരാട്ടി, മരുമക്കൾ: സുധാ തമ്പുരാൻ, ഇന്ദിരാ തമ്പുരാൻ, രഞ്ജന, കൃഷ്ണകുമാർ, വലിയ തമ്പുരാന്റെ നിര്യാണത്തെ തുടർന്ന് ആശുലമായതിനാൽ പന്തളം വലിയകോയിക്കൽ ക്ഷേത്രം അടച്ചു. ഇനി ജൂലായ് മൂന്നിനേ തുറക്കു.