തിരുവല്ല: മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ പട്ടത്വശുശ്രൂഷയിൽ ഇന്ന് അമ്പത് വർഷം പൂർത്തിയാക്കും. ജൂബിലിദിനമായ ഇന്ന് കർണ്ണാടകയിലെ വൈറ്റ്ഫീൽഡ് എക്യൂമെനിക്കൽ ക്രിസ്ത്യൻ സെന്ററിലെ ചാപ്പലിൽ മെത്രാപ്പോലീത്താ വിശുദ്ധകുർബാന അർപ്പിക്കും.തുടർന്ന് ബാംഗ്ലൂർ ബിഷപ്പ് കോട്ടൺ ബോയ്സ് സ്‌കൂൾ

ഒാഡിറ്റോറിയത്തിൽ നടക്കുന്ന അനുമോദന സമ്മേളനത്തിൽ സി.എസ്.ഐ.ബിഷപ്പ് ഡോ.പ്രസന്നകുമാർ സാമുവേൽ മുഖ്യാതിഥിയാകും.ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ, ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്താ, ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്‌ക്കോപ്പാ എന്നിവർ ആശംസകൾ അറിയിക്കും. ശനിയും ഞായറും മെത്രാപ്പോലീത്താ ഹോസ്‌ക്കോട്ടെ സെന്റർ സന്ദർശിച്ച് മിഷന്റെ പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന് നേതൃത്വം നൽകും.

മെത്രാപ്പോലീത്തായുടെ പൗരോഹിത്യ ജൂബിലിയോടനുബന്ധിച്ച് വിവിധ ജനക്ഷേമ പദ്ധതികൾക്ക് മാർത്തോമ്മാ സഭാകൗൺസിൽ രൂപം നൽകിയതായി സഭാ സെക്രട്ടറി റവ. സി.വി.സൈമൺ അറിയിച്ചു.