മല്ലപ്പള്ളി : ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ യുവതീയുവാക്കളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ആര്യ (അട്രാക്ടിംഗ് ആൻഡ് റിറ്റൈനിംഗ് യൂത്ത് ഇൻ അഗ്രിക്കൾച്ചർ) പദ്ധതിയുടെ ഭാഗമായി ഏകദിന ശില്പശാല മല്ലപ്പള്ളി ബ്‌ളോക്ക് പഞ്ചായത്തിൽ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. മല്ലപ്പള്ളി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എൻ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ ആര്യ പദ്ധതിയിലെ വിവിധ മേഖലകളായ കോഴിവളർത്തൽ, തേനീച്ച വളർത്തൽ ചക്കയുടെ സംസ്‌കരണവും മൂല്യവർദ്ധനവും, നഴ്‌സറി നടത്തിപ്പ് എന്നീ മേഖലകളിലെ സംരംഭകത്വ സാദ്ധ്യതകളെക്കുറിച്ചു യുവജനങ്ങൾക്ക് അവബോധം നൽകി. ശില്പശാലയുടെ ഭാഗമായി പദ്ധതിയുടെ 2022- 23 വർഷത്തെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവരുടെ രജിസ്‌ട്രേഷനും നടത്തി. ജിജിമോൾ പി.കുര്യൻ, എ.ഡി.എ മല്ലപ്പള്ളി, വിനോദ് മാത്യു സബ്ജക്റ്റ് മാറ്റർ സ്‌പെഷ്യലിസ്റ്റ് അഗ്രോണമി തുടങ്ങിയവർ പ്രസംഗിച്ചു.