അടൂർ : അടൂരിലെ നിർദ്ദിഷ്ട റിംഗ് റോഡിന്റെ അലൈൻമെന്റ് മാറ്റാൻ നീക്കം നടക്കുന്നു എന്ന ആരോപണം അടിസ്ഥാന രഹിതവും കാര്യങ്ങൾ അറിയാത്തതിനാലുമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കഴിഞ്ഞ ദിവസം സി. പി. എം അടൂർ നോർത്ത് ലോക്കൽ കമ്മിറ്റി പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. അലൈൻമെന്റ് നിശ്ചയിക്കാനുള്ള സർവേയാണ് ഇപ്പോൾ നടക്കുന്നത്. നടപടികൾ പൂർത്തിയായാൽ ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരുമായി വിശദമായ ചർച്ചകൾ നടത്തിമാത്രമേ അന്തിമരൂപം നൽകു. കനാൽ റോഡും അതിന്റെ പുറമ്പോക്ക് സ്ഥലവുമാണ് ഇതിനായി വിനിയോഗിക്കുക. വീതികുറവുള്ള ചില മേഖലകളിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലം പണം നൽകി ഏറ്റെടുക്കേണ്ടിവരും. നാലാം വാർഡിൽ പുതുവാക്കൽ ഏലായിലൂടെ റോഡ് കടന്നുപോകുന്നത് സംബന്ധിച്ച സാദ്ധ്യതമാത്രമാണ് നിലവിൽ വിലയിരുത്തത്. ഇതിന് നിർമ്മാണചെലവേറെയായാൽ ശ്രമം ഉപേക്ഷിക്കും.