തിരുവല്ല: കോൺഗ്രസ് - ബി.ജെ.പി അവിശുദ്ധ കൂട്ടുക്കെട്ടിന്റെ ഉത്തമ ദൃഷ്ടാന്തമാണ് നഗരസഭയിലെ ചെയർമാൻ, വൈസ് ചെയർമാൻ തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിച്ചതെന്ന് എൽ.ഡി.എഫ്. നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു. ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെയാണ് ഈ കൂട്ടുക്കെട്ട് രൂപപ്പെട്ടത്. രാഷ്ട്രീയ ധാർമ്മികതയ്ക്ക് ചേർന്നതല്ല. ഇത്തരത്തിൽ നേടിയ വൈസ് ചെയർമാൻ സ്ഥാനം രാജിവച്ച് ജനങ്ങളോട് മാപ്പുപറയണമെന്ന് എൽ.ഡി.എഫ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ വിമാനയാത്രയിൽ കോൺഗ്രസ് ഗുണ്ടകൾ നടത്തിയ അതിക്രമങ്ങൾക്കെതിരെ 29ന് പത്തനംതിട്ടയിൽ നടക്കുന്ന ബഹുജനറാലിയിലും പൊതുസമ്മേളനത്തിലും 2500 എൽ.ഡി.എഫ് പ്രവർത്തകരെ പങ്കെടുപ്പിക്കുവാൻ യോഗം തീരുമാനിച്ചു.
കേരളാ കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയംഗം സജി അലക്സിന്റെ അദ്ധ്യക്ഷതയിൽ സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം അഡ്വ.ആർ.സനൽകുമാർ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് ജില്ലാ കൺവീനർ അലക്സ് കണ്ണമല,സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.ഫ്രാൻസീസ് വി.ആന്റണി, ജിജി വട്ടശേരി, അംബിക മോഹൻ, പ്രൊഫ.അലക്സാണ്ടർ കെ.ശാമുവേൽ, അഡ്വ.എം.ബി നൈനാൻ, ജേക്കബ് മദനഞ്ചേരി, ബാബു പറയത്തുക്കാട്ടിൽ, അലക്സ് മണപ്പുറം, റെയ്ന കെ.ജോർജ്, റെജി എന്നിവർ പ്രസംഗിച്ചു.