പഴകുളം: പഴകുളം കെ.വി.യു.പി സ്കൂളിന്റെയും , പഴകുളം സനാതന ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന് തുടക്കം കുറിച്ചു. പി.എൻ.പണിക്കരുടെ ചിത്രത്തിന്റെയും, നിറപറയുടെയും നിലവിളക്കിന്റെയും സാന്നിദ്ധ്യത്തിൽ അക്ഷരദീപം തെളിയിച്ച് പുസ്തകങ്ങളെ പരിചയപ്പെടുത്തിയാണ് വായന പക്ഷാചരണത്തിന് തുടക്കം കുറിച്ചത്. രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികളാണ് നടപ്പാക്കുന്നത്. ഒരു നാടിനെ വായനയിലേക്ക് നയിക്കാനുള്ള പദ്ധതിയിൽ തിരഞ്ഞെടുത്ത 100 വീടുകളെ ഉൾപ്പെടുത്തി ഒരു പുസ്തകം വീതം വീടുകളിൽ എത്തിക്കുന്നു. അത് വായിച്ചതിനു ശേഷം ഗ്രന്ഥശാലയിൽ നിന്ന് പുസ്തകങ്ങൾ നൽകുന്നു. വായനവാരത്തിന്റെ സമാപനത്തിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് ഒരോ പുസ്തകത്തേയും കുറിച്ച് ലഘു അഭിപ്രായം എഴുതി നൽകുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മികച്ച വായന നടത്തിയ വ്യക്തികൾക്ക് കാഷ് അവാർഡും, പുസ്തകങ്ങളും സമ്മാനമായി നൽകും. കൂടാതെ കുട്ടികളെ ഉൾപ്പെടുത്തി എന്റെ എഴുത്തുപെട്ടി, ചിത്രരചന, ക്വിസ് മത്സരങ്ങളും നടത്തും. പൊതുസമ്മേളനം സ്കൂൾ പി.ടി.എ.പ്രസിഡന്റ് എസ്.ആർ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.പഴകുളം സുഭാഷ് അക്ഷരദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഓരോ കുട്ടിയും അക്ഷര കാർഡും അക്ഷരദീപവും കൈകളിലേന്തി.എ.ഷാജഹാൻ ഗ്രന്ഥശാല വൈസ് പ്രസിഡന്റ് , ഹെഡ്മിസ്ട്രസ് വന്ദന വി.എസ്. പ്രോഗ്രാം കോർഡിനേറ്റർ കെ.എസ് ജയരാജ്, ഗ്രന്ഥശാലാ കമ്മിറ്റി അംഗങ്ങളായ, സി.എസ്.ഉണ്ണിത്താൻ,പഴകുളം മുരളി അദ്ധ്യാപകരായ കവിതാ മുരളി, ഐ.ബസീം, ബീന.വി, ലക്ഷ്മിരാജ്, സ്മിത.ബി, ശാലിനി. എസ്.എന്നിവർ സംസാരിച്ചു.