
റാന്നി: ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിൽ സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് തോന്നുംപടി. ബസ് സ്റ്റാൻഡ് ട്രാഫിക് നിയമ ലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നതായാണ് നാട്ടുകാരുടെ ആരോപണം. ഇന്നലെ രാവിലെ അലക്ഷ്യമായി സ്റ്റാൻഡിലൂടെത്തിയ പിക്കപ്പ് വാനിടിച്ച് ഒരു യാത്രക്കാരിക്ക് ഗുരുതര പരിക്കേറ്റിരുന്നു. നടപടിയെടുക്കാത്ത പൊലീസിനും മോട്ടോർ വാഹന വകുപ്പിനും എതിരെ രൂക്ഷ വിമർശനമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. സമീപത്തെ വ്യാപാരിയുടെ പിക്കപ്പ് വാൻ പൊലീസ് ആദ്യം കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചെന്നാരോപണവുമുണ്ട്. തലങ്ങും വിലങ്ങും പായുന്ന സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകളും സ്റ്റാൻഡിലെത്തുന്ന മറ്റു വാഹനങ്ങളുടെ ഇടയിലൂടെ യാത്രക്കാർ ജീവൻ രക്ഷിക്കാൻ ഓടേണ്ട സ്ഥിതിയാണ്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവർ പാർക്കിംഗിനായി കണ്ടെത്തുന്നത് ബസ് സ്റ്റാൻഡാണ്. രാവിലെ വാഹനം പാർക്കു ചെയ്ത ശേഷം ദൂരെ സ്ഥലങ്ങളിൽ ജോലിക്കു പോകുന്നവരുമുണ്ട്. രാത്രിയോടു കൂടി മാത്രമെ ഈ വാഹനങ്ങൾ ഇവിടെ നിന്നു മാറ്റുകയുള്ളു. ബസുകൾ പാർക്കു ചെയ്യാൻ ഉപയോഗിച്ചിരുന്ന സ്ഥലങ്ങൾ ഇപ്പോൾ മറ്റു വാഹനങ്ങൾ കൈയടക്കിയിരിക്കുകയാണ്. അതോടെ ബസുകൾ സ്റ്റാൻഡിന് മദ്ധ്യത്തിൽ തലങ്ങും വിലങ്ങും പാർക്കിംഗ് നടത്തുകയാണിപ്പോൾ. ഇതിനിടയിലൂടെ മറ്റു ബസുകൾ കടന്നു വരുമ്പോൾ യാത്രക്കാർക്ക് അപകടം സംഭവിക്കാൻ സാദ്ധ്യത ഏറെയാണ്. സ്റ്റാൻഡിലെ വ്യാപാരികളും തങ്ങളുടെ സ്ഥാപനത്തിന് മുൻവശം കൈയേറി ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നതും കാണാം. ബസുകൾ അല്ലാത്ത വാഹനങ്ങൾക്ക് ഇവിടെ പ്രവേശനമില്ലാതാക്കി അടിയന്തര പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
.....................
സ്റ്റാൻഡിലൂടെ ബസുകൾ തലങ്ങും വിലങ്ങും പായുന്നു
ബസ് സ്റ്റാൻഡിലേക്ക് ബസുകൾ കയറുന്നതിനായി വയലിനു നടുവിലൂടെ നിർമ്മിച്ച വഴി ഇപ്പോൾ എല്ലാവരും ഉപയോഗിക്കുകയാണ്. വൺവേയിലൂടെ ചുറ്റിത്തിരിയുന്നത് ഒഴിവാക്കാനാണിത്.കൂടാതെ ഒരു വഴിയിലൂടെ ബസുകൾക്ക് കയറാനും മറുവഴിയിലൂടെ ഇറങ്ങാനുമായി ഉണ്ടായിരുന്ന തീരുമാനം ലംഘിച്ച് ബസുകൾ തലങ്ങും വിലങ്ങും പായുകയാണ്.ബസുകൾ ഏതുവഴി എത്തുമെന്ന് ഇതുമൂലം യാത്രക്കാർക്ക് കൃത്യമായ ധാരണയും ഇല്ല.
..............
പഞ്ചായത്തും മോട്ടോർ, പൊലീസ് അധികൃതരും ഇടപെട്ടാൽ മാത്രമേ ഇതിന് പരിഹാരം കണ്ടെത്താനാവു. അല്ലെങ്കിൽ നഗരത്തിൽ ട്രാഫിക് പൊലീസ് യൂണിറ്റ് അനുവദിച്ച് പരിഹാരമുണ്ടാക്കുവാൻ ശ്രമിക്കണം
(നാട്ടുകാർ)