ചെങ്ങന്നൂർ: വരട്ടാറിലെ യന്ത്രവത്കൃത മണൽ ഖനനം ജനകീയ സമിതിയുടെ നേതൃത്വത്തിൽ എത്തിയ നാട്ടുകാർ തടഞ്ഞു. ചെങ്ങന്നൂർ നഗരസഭയിലെ ഇടനാട് ചേലൂർകടവിലാണ് ഇന്നലെ വൈകിട്ട് പ്രതിഷേധം നടന്നത്. നദീ പുനരുജ്ജീവനത്തിന്റെ മറവിൽ മണലൂറ്റും മണൽ കടത്തും മാത്രമാണ് നടക്കുന്നതെന്ന് ജനകീയ സമിതി ആരോപിച്ചു. പ്രളയാവശിഷ്ടങ്ങൾ മാറ്റിയിട്ടില്ല. വെള്ളപ്പൊക്കമുണ്ടായാൽ തീരമിടിഞ്ഞ് പ്രദേശവാസികൾ അപകടത്തിലാകും. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മേൽമണ്ണും ചെളിയും നീക്കം ചെയ്യാമെന്നും ഡ്രഡ്ജർ ഉപയോഗിച്ചുളള മണലൂറ്റ് അനുവദിക്കില്ലെന്നും അവർ പറഞ്ഞു. ജലസേചന വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 3400 മീറ്റർ ക്യൂബ് മണ്ണാണ് എം.സി റോഡിന് സമീപം കല്ലിശേരിയിലുള്ള യാർഡിൽ നിന്നുമാത്രം വിറ്റു പോയത്. എന്നാൽ ഇതുകൂടാതെ ലോറികളിൽ മറ്റു പലയിടത്തേക്കും വൻതോതിൽ മണൽ കടത്തിയിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഈയിടെ കുന്നേകാട് ക്ഷേത്രത്തിന്റെ പിൻഭാഗത്തുള്ള യാർഡിലും മണലെത്തിച്ചിട്ടുണ്ട്. ഇതിന്റെ കണക്കും ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തിലും പദ്ധതി പ്രദേശത്തുനിന്ന് മണലെടുക്കുന്നത് രൂക്ഷമായ വെളളപ്പൊക്കത്തിന് കാരണമാകും. ഏതാനും ദിവസം മുൻപ് തിരുവൻവണ്ടൂർ പഞ്ചായത്തിലെ ഇരമല്ലിക്കര വാളത്തോടിന് സമീപം ചോഞ്ചാലിൽ ഭാഗത്ത് യന്ത്രവത്കൃത മണലൂറ്റ് നടത്തുവാൻ കരാറുകാർ ശ്രമിച്ചിരുന്നു. ഇതും പ്രദേശവാസികൾ തടഞ്ഞു. വ്യാപകമായ തോതിൽ പദ്ധതി പ്രദേശത്ത് നിന്ന് മണൽ ഖനനം നടത്തുമ്പോഴും ഇത്തരത്തിൽ മണലൂറ്റ് നടക്കുന്നില്ലെന്നാണ് ചെങ്ങന്നൂർ ആർ.ഡി.ഒ കളക്ടർക്ക് നൽകിയ റിപ്പോർട്ട്. തെറ്റായും റിപ്പോർട്ട് നൽകിയതിനുപിന്നിൽ ഉദ്യോഗസ്ഥ ലോബിയും കരാറുകാരും തമ്മിലുളള അവിഹിത ഇടപെടുകളാണെന്ന് പരാതിയുണ്ട്.