1
എഴുമറ്റൂർകമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പഴയ കെട്ടിടം പൊളിച്ചു മാറ്റുന്ന നടപടികൾ പൂർത്തിയാകുന്നു.

മല്ലപ്പള്ളി:എഴുമറ്റൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ നിർമ്മാണത്തോടനുബന്ധിച്ച് പഴയ കെട്ടിടം പൊളിക്കുന്നതിന് നടപടി പൂർത്തിയാകുന്നു. ടെൻഡർ വാല്യൂ അനുസരിച്ച് വലിയ തുകയുടെ അംഗം എത്താത്തതിനാൽ രണ്ടാമത്തെ വലിയ തുകയായ 530000 രൂപയും നികുതിയും ഒടുക്കിയ ആളിനായിരുന്നു ടെൻഡർ ലഭിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി ചേർന്നിരുന്നു. പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി എട്ടു കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഫണ്ട് അനുവദിക്കുന്നതിനായി എം.എൽ.എ നിരന്തര ഇടപെടലുകൾ നടത്തിയിരുന്നു. ആശുപത്രി കെട്ടിടത്തിന് പുതിയ ഡിസൈൻ തയാറാക്കുന്നതിന് അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ്, ആശുപത്രി അധികൃതർ, ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത സ്ഥല പരിശോധന നടത്തും. ആവശ്യങ്ങൾക്കനുസരിച്ച് കൂട്ടായ ആലോചനകൾക്ക് ശേഷം പുതിയ കെട്ടിടത്തിന് ഡിസൈൻ തയാറാക്കും. എഴുമറ്റൂർ സി.എച്ച്‌.സിക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിന് ഫണ്ട് അനുവദിച്ചിരുന്നെങ്കിലും പഴയ കെട്ടിടം പൊളിച്ചുമാറ്റുന്ന പ്രവർത്തികൾ പല കാരണങ്ങളാൽ വൈകിയിരുന്നു. എം.എൽ.എ ഇടപെട്ടാണ് ഇപ്പോൾ പഴയ കെട്ടിടം പൊളിച്ചു മാറ്റാൻ നടപടിയായത്.