chappath
തൃക്കയിൽ കടവിലെ ചപ്പാത്ത്

തിരുവല്ല: കുറ്റൂർ - തിരുവൻവണ്ടൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് വരട്ടാറിന് കുറുകെ തൃക്കയിൽ കടവിലെ ചപ്പാത്ത് തിങ്കളാഴ്ച പൊളിക്കും. 1999ൽ നിർമ്മിച്ച നിലവിലെ ചപ്പാത്ത് പൊളിച്ചുനീക്കി പുതിയ പാലം പണിയുന്ന ജോലികളാണ് ആരംഭിക്കുന്നത്. വരട്ടാർ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി നീരൊഴുക്ക് സുഗമമാക്കാൻ ചപ്പാത്തുകൾ പൊളിച്ചു നീക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു. 10 മീറ്ററോളം നീളമുള്ള ചപ്പാത്ത് പൂർണമായി പൊളിക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം തിങ്കളാഴ്ച മുതൽ പൂർണമായി നിലയ്ക്കും. തൈമറവുംകര - പ്രാവിൻകൂട് റൂട്ടിലാണ് ചപ്പാത്ത്. നടവഴിക്കായി ചപ്പാത്തിന് സമീപം താൽക്കാലിക പാലം മേജർ ഇറിഗേഷൻ വകുപ്പ് ഒരുക്കിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾക്ക് വരെ കഷ്ടിച്ച് ഇതുവഴി കടന്നുപോകാം. പുതുക്കുളങ്ങരയിലെ ചപ്പാത്ത് പൊളിച്ച് പുതിയ പാലം അടുത്തകാലത്താണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ഈ പാലത്തിന് അടിയിലൂടെ വലിയ വള്ളങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതേദുരിതം തൃക്കയിൽകടവിലെ പുതിയ പാലത്തിന് ഉണ്ടാകാത്തവിധം ഉയരത്തിലാണ് നിർമ്മിക്കുന്നതെന്ന് മേജർ ഇറിഗേഷൻ വകുപ്പ് അധികൃതർ പറഞ്ഞു. കാലാവസ്ഥ അനുകൂലമെങ്കിൽ ആറുമാസത്തിനുള്ളിൽ പണികൾ പൂർത്തിയാക്കാമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.

വഞ്ചിപ്പോട്ടിൽ കടവിലെ ചപ്പാത്ത് പൊളിച്ചിട്ട് നാളുകൾ

വരട്ടാറിലെ നീരൊഴുക്ക് തടസപ്പെടുത്തിയിരുന്ന വഞ്ചിപ്പോട്ടിൽ കടവിലെ ചപ്പാത്ത് പൊളിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും നിർമ്മാണം ഇതുവരെയും ആരംഭിച്ചിട്ടില്ല. കോയിപ്രം പഞ്ചായത്തുമായി ബന്ധിപ്പിച്ചിരുന്ന ഈ പാലം പണിയാത്തതിൽ പ്രദേശവാസികൾ ഉൾപ്പെടെയുള്ളവർ ദുരിതത്തിലാണ്.

@ പഴയപാലം തിങ്കളാഴ്ച പൊളിക്കും

@ ഗതാഗതത്തിന് നിയന്ത്രണം

@ മാസത്തിനുള്ളിൽ പണികൾ പൂർത്തിയാക്കും