ചെങ്ങന്നൂർ: 1980 മുതൽ 2021 വരെയുള്ള കാലയളവിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ നിന്ന് ധനതത്വശാസ്ത്രം പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന പൂർവ വിദ്യാർത്ഥി സംഗമം എക്കണോമിക്‌സ് 22 എന്നപേരിൽ ജൂലൈ 9ന് രാവിലെ 10മുതൽ ക്രിസ്ത്യൻ കോളേജിൽ നടക്കും. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ മുഖ്യാതിഥിയായിരിക്കും. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും കോളേജ് മാനേജ്മന്റ് പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും. കോളേജ് പഠനം കഴിഞ്ഞ് നാല് പതിറ്റാണ്ട് പൂർത്തിയാക്കിയവർ മുതൽ കേവലം ഒരു വർഷം പിന്നിട്ടവരും പൂർവ അദ്ധ്യാപകരും മുൻ ജീവനക്കാരും പങ്കെടുക്കും. 1980 മുതൽ പഠിച്ചിറങ്ങിയവരെയും നിലവിലെ അദ്ധ്യാപകരെയും ഉൾപ്പെടുത്തി രൂപീകരിച്ചിട്ടുള്ള വിവിധ കമ്മിറ്റികളുടെ പ്രവർത്തനം ആരംഭിച്ചതായി കോളേജ് പ്രിൻസിപ്പൽ ഡോ.ജോൺസൺ ബേബി, ജനറൽ കൺവീനർ അനിൽ കുറിച്ചിമുട്ടം, ഡോ.ജിഷ ജോൺ, ഷാജി പട്ടന്താനം, റെജി കെ.ഏബ്രഹാം, ഗിരീഷ് ബുധനൂർ, എൻ.പി ബൈജു, ബി.സുദീപ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.