 
പന്തളം:കുളനട പുതുവാക്കൽ ഗ്രാമീണ വായനശാലയുടെ വായന പക്ഷാചരണത്തിന്റെ ഭാഗമായി മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി എന്ന കൃതിയുടെ 100ാം വാർഷികാചരണം നാളെ വൈകിട്ട് 5ന് വായനശാലയിൽ നടക്കും. എറണാകുളം ഗവ. ലോ കോളജ് അസി. പ്രൊഫസർ ഡോ. ഐശ്വര്യ മാധവൻ പ്രഭാഷണം നടത്തും.
തുടർന്ന് കവിയരങ്ങ്.വായനപക്ഷാചരണത്തിന്റെ ഉദ്ഘാടനം പന്തളം എൻ.എസ്.എസ് ട്രെയിനിങ് കോളേജ് അസി. പ്രൊഫസറും എഴുത്തുകാരിയുമായ ഡോ. എൻ. ശ്രീവൃന്ദ നായർ നിർവഹിച്ചു. വായനശാല പ്രസിഡന്റ് ജോസ് കെ. തോമസ് അദ്ധ്യക്ഷത വഹിച്ചു. എൻ.ടി. ആനന്ദൻ, ശശി പന്തളം, ബിജു വർഗീസ്, കൊച്ചുറാണി ജെ.കെ. തോമസ് എന്നിവർ പ്രസംഗിച്ചു.
തുടർന്നുള്ള ദിവസങ്ങളിൽ ദസ്തയോവ്‌സ്‌കിയുടെ ഇരുന്നൂറാം ജന്മ വാർഷിക അനുസ്മരണം നോവലിസ്റ്റ് പെരുമ്പടവം ശ്രീധരൻ നിർവഹിക്കും. വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ഡോ. പോൾ മണലിലും നിർവഹിക്കും.
പൊൻകുന്നം വർക്കിയെ നോവലിസ്റ്റ് സി.വി. ബാലകൃഷ്ണനും നാടകാചാര്യൻ പ്രഫ. ജി. ശങ്കരപ്പിള്ളയെ നാടകകൃത്തും സംഗീത നാടക അക്കാദമി വൈസ് ചെയർമാനുമായിരുന്ന ടി.എം. ഏബ്രഹാമും അനുസ്മരിക്കും.
ജൂലായ് 3ന് കെ. ദാമോദരൻ അനുസ്മരണപ്രഭാഷണം കൃഷ്ണകുമാർ കാരയ്ക്കാട് നിർവഹിക്കും. 7ന് ഐ.വി. ദാസ് അനുസ്മരണപ്രഭാഷണം ലൈബ്രറി കൗൺസിൽ ജില്ല എക്‌സിക്യൂട്ടീവ് അംഗം പി.കെ. ബാബുരാജൻ നടത്തും.