പത്തനംതിട്ട : പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്‌കൂളുകളെക്കുറിച്ചുള്ള ഓൺലൈൻ പോർട്ടലായ സ്‌കൂൾ വിക്കിയിൽ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള പുരസ്‌കാരങ്ങളിൽ ജില്ലാ തലത്തിൽ ഇടയാറൻമുള എ. എം. എം ഹൈസ്‌കൂളിന് ഒന്നാം സമ്മാനം. നേതാജി ഹയർ സെക്കൻഡറി സ്‌കൂൾ,പ്രമാടം, ഗവ. യു.പി.എസ്. ചുമത്ര, എന്നിവയ്ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. 15000 സ്‌കൂളുകളെ കോർത്തിണക്കി വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയിലെ പ്രാദേശിക ഭാഷയിലെ ഏറ്റവും വലിയ ഡിജിറ്റൽ വിവരശേഖരമായ സ്‌കൂൾ വിക്കി ക്രമീകരിച്ചിട്ടുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ആണ് അവാർഡുകൾ ഏർപ്പെടുത്തിയത്. ജില്ലാതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 25,000 , 15,000 10,000 രൂപ വീതം കാഷ് അവാർഡ് ലഭിക്കും. ഇതിനു പുറമെ ട്രോഫിയും പ്രശംസാപത്രവും ഈ സ്‌കൂളുകൾക്ക് ലഭിക്കും.
ജൂലായ് 1ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി അവാർഡുകൾ സമ്മാനിക്കും.