25-elanthoor-stadium-1
ഇലന്തൂർ പഞ്ചായത്ത് സ്റ്റേഡിയം

ഇലന്തൂർ: പണിതുടങ്ങി നാലു വർഷങ്ങൾ പിന്നിട്ടിട്ടും പൂർത്തിയാകാതെ ഇലന്തൂർ പഞ്ചായത്ത് സ്റ്റേഡിയം. 2019 നവംബറിലാണ് സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം നടന്നത്. ഫുട്‌ബാൾ, വോളിബാൾ, ക്രിക്കറ്റ് കോർട്ടുകൾ, സിന്തറ്റിക്ക് ട്രാക്ക്, പവലിയൻ, ചുറ്റുമതിൽ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. ഇതിനായി 88 ലക്ഷം രൂപയാണ് വകയിരുത്തിയത്. എം.എൽ.എ ആയിരുന്ന വീണാ ജോർജിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. സ്റ്റേഡിയത്തിന്റെ പണി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പണി എങ്ങുമെത്തിയിട്ടില്ല. സ്റ്റേഡിയം പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണെങ്കിലും പണി ഏറ്റെടുത്ത് നടത്തുന്നത് സ്‌പോർട്‌സ് എൻജിനീയറിംഗ് വിഭാഗമാണ്. പണി ആരംഭിച്ചിരുന്നുവെങ്കിലും കരാറുകാരൻ മരിച്ചതിനാൽ മുടങ്ങുകയുമായിരുന്നു. പമ്പാ ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായി 1,2,3,4,5 വാർഡുകളിലേക്കുള്ള സബ് കനാൽ സ്റ്റേഡിയത്തിന് അടിയിലൂടെയാണ് പോകുന്നത്. 10 ലക്ഷം രൂപ മുടക്കി സബ് കനാൽ പണിതെങ്കിലും വാർഡുകളിൽ വെള്ളം ലഭിച്ചില്ല. ഇതിനായി ഇനിയും സ്റ്റേഡിയത്തിൽ പണി നടത്തണം എന്ന സ്ഥിതിയാണ്. ഇതോടെ പണി മുടങ്ങിയ മട്ടാണ്. സബ് കനാൽ പണിയെ ആശ്രയിച്ചാണ് നിലവിൽ സ്റ്റേഡിയത്തിന്റെ പണിയും. ഇതോടെ ഇലന്തൂരിന്റെ കായിക സ്വപ്‌നങ്ങൾക്ക് പൂട്ട് വീണ സ്ഥിതിയാണ്.

'സ്റ്റേഡിയം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണെങ്കിലും പണി നടത്തുന്നത് സ്‌പോർട്‌സ് എൻജിനീയറിംഗ് വിഭാഗമാണ്. പണിമുടങ്ങിയതിനെ തുടർന്ന് നിരവധി തവണ ഇവരെ ബന്ധപ്പെട്ടെങ്കിലും നീക്കുപോക്കുണ്ടായില്ല.'
എം.എസ്.സിജു

(മുൻ പഞ്ചായത്ത്

പ്രസിഡന്റ്)

-സ്റ്റേഡിയത്തിന്റെ നിർമ്മാണദ്ഘാടനം നടന്നത് 2019ൽ

- എം.എൽ.എ ഫണ്ടിൽ നിന്ന് 88 ലക്ഷം വകയിരുത്തി