kalink-
അത്തിക്കയം അറയ്ക്ക്മൺ ചുട്ടിപ്പാറ റോഡിലെ കലിങ്ക് പുനർ നിർമ്മിക്കാനുള്ള പ്രാഥമിക നടപടികൾ സ്വീകരിച്ചപ്പോൾ

റാന്നി : പെരുനാട് - പെരുന്തേനരുവി റോഡിലെ അപകട വളവിൽ കലുങ്ക് പുനർനിർമ്മിക്കാൻ നടപടിയായി. വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനങ്ങൾ പലപ്പോഴും കുഴിയിലേക്ക് വീണ് നിരവധി ആളുകൾക്ക് ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഇത് ചൂണ്ടികാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് പൊതുമരാമത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം ഇവിടെ മുന്നറിയിപ്പിനായി വീപ്പകൾ സ്ഥാപിച്ചു. കൂടാതെ അപകടം ഒഴിവാക്കാൻ സ്ഥിരം സംവിധാനം ഏർപ്പെടുത്തുമെന്നും അന്ന് ഉറപ്പ് നൽകിയിരുന്നു. പെരുന്തേനരുവി റോഡിൽ അത്തിക്കയം- അറയ്ക്കമൺ- ചുട്ടിപ്പാറ റോഡ് സംഗമിക്കുന്നിടത്താണ് പുതിയ കലുങ്ക് നിർമ്മിക്കുന്നത്. പെരുന്തേനരുവി ടൂറിസവുമായി ബന്ധപ്പെട്ട് നിരവധി ആളുകൾ യാത്ര ചെയ്യുന്ന ഈ റോഡിൽ കലുങ്കിന്റെ ഭാഗത്ത് വീതി കുറവുമായിരുന്നു . പുതിയ കലുങ്ക്നിർമ്മിക്കുന്നതോടെ അപകടങ്ങൾക്ക് ശാശ്വത പരിഹാരമാകും.