 
കോന്നി: ഗതകാല സ്മരണകളുണർത്തി 60 വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച മലയാലപ്പുഴ പൊതീപാട് ജംഗ്ഷന് സമീപത്തുള്ള റേഡിയോ കിയോസ്‌ക്ക് കൗതുകമാകുന്നു. സംസ്ഥാനത്തെ ഉൾനാടൻ ഗ്രാമങ്ങളിൽ പലയിടത്തും ഉപയോഗ രഹിതമായി കിടക്കുന്ന റേഡിയോ കിയോസ്‌ക്കുകൾക്കൊപ്പം പൊതീപാട്ടെ റേഡിയോ കിയോസ്‌ക്കും ഇന്നും നിലനിൽക്കുന്നുണ്ട്. റേഡിയോകൾ സാധാരണക്കാർക്ക് ആഡംബര വസ്തുവായിരുന്ന അക്കാലത്ത് മലയാലപ്പുഴ പഞ്ചായത്ത് വെട്ടൂർ, വടക്കുപുറം, പൊതീപാട്, കിഴക്കുപുറം എന്നിവിടങ്ങളിൽ റേഡിയോ കിയോസ്‌ക്കുകൾ സ്ഥാപിച്ചു ഓപ്പറേറ്റ് ചെയ്യാനായി ജീവനക്കാരെയും ചുമതലപ്പെടുത്തിയിരുന്നു. റേഡിയോയ്ക്കും സൈക്കിളിനും അക്കാലത്ത് ലൈസെൻസ് ആവശ്യമായിരുന്നു. വീടുകളിൽ അപൂർവമായി മാത്രം റേഡിയോകൾ ഉണ്ടായിരുന്ന കാലത്ത് വർത്തമാനപത്രങ്ങൾ കഴിഞ്ഞാൽ ആകെയുള്ള മാദ്ധ്യമം റേഡിയോ ആയിരുന്നു. നാട്ടുകാർക്ക് റേഡിയോ പരിപാടികൾ ഉച്ചഭാഷിണിയിലൂടെ കേൾക്കാനായി പൊതു ഇടങ്ങളിൽ റേഡിയോ കിയോസ്കുകൾ പലയിടത്തും സ്ഥാപിച്ചിരുന്നു. ഇവയ്ക്ക് സമീപത്തു കളിത്തട്ടുകൾ പോലെ വിശ്രമ സ്ഥലങ്ങളും സ്ഥാപിച്ചിരുന്നു. ആകാശ വാണിയുടെ പ്രാദേശിക വാർത്തകൾ, ലളിത ഗാനങ്ങൾ, രഞ്ജിനി, നാടകഗാനങ്ങൾ, വയലും വീടും, കമ്പോളനിലവാരം, യുവവാണി, റേഡിയോ നാടകങ്ങൾ,ചലച്ചിത്ര ശബ്ദരേഖകൾ, വാർത്താതരംഗിണി,രഞ്ജിനി, തൊഴിലാളിമണ്ഡലം എന്നിവയും സിലോണിൽ നിന്നും അക്കാലത്ത് സംപ്രേഷണം നടത്തിയിരുന്ന മലയാളം പരിപാടികളും നാട്ടുകാർ കൗതുകത്തോടെ കേട്ടിരുന്നു.
കാടുകയറി നശിക്കുന്നു
പൊതുവഴികളോട് ചേർന്ന സ്ഥലങ്ങളിൽ പലയിടത്തും ഒറ്റമുറികളുള്ള ഈ കെട്ടിടങ്ങളിൽ കാടുകയറിയും ഇടിഞ്ഞു പൊളിഞ്ഞും നശിക്കുകയാണ്. 1980ൽ ദൂരദർശന്റെയും, 1990കളിൽ സ്വകാര്യ ടെലിവിഷൻ ചാനലുകളുടെയും എഫ്.എം റേഡിയോകളുടെയും, ഇന്റർനെറ്റിന്റെയും വരവോടുകൂടി പിൽക്കാലത്ത് റേഡിയോയുടെ പ്രാധാന്യം നഷ്ടപ്പെട്ടതോടെ പൊതീപാട്ടെ റേഡിയോ കിയോസ്‌ക്കും പ്രവർത്തനമില്ലാതായി. നാശാവസ്ഥയിലായ മലയാലപ്പുഴ പഞ്ചായത്തിലെ റേഡിയോ കിയോസ്കുകൾ അടുത്തിടെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു.
......................................
പഞ്ചായത്തിലെ നാല് റേഡിയോ കിയോസ്‌ക്കുകളിലും റേഡിയോയും ഉച്ചഭാഷിണിയും,ബഞ്ചുകളും സ്ഥാപിച്ചു നാട്ടുകാർക്ക് പഴയതുപോലെ റേഡിയോ പരിപാടികൾ കേൾക്കാൻ സൗകര്യമൊരുക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്
ഷീലകുമാരി ചങ്ങായിൽ
(മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് )