
പത്തനംതിട്ട : പരാതികളെ തുടർന്ന് പണിമുടങ്ങി മേൽക്കൂരയില്ലാതെ തുറന്നുകിടന്ന കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്മാർട്ടാകാൻ ഒരുങ്ങുകയാണ്. എഫ്.എം റേഡിയോ, സോളാർ പാനൽ, മൊബൈൽ ചാർജിംഗ് എന്നിവയടക്കം ഉൾപ്പെടുത്തിയാണ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മാണം നടത്തുന്നത്. പണിമുടങ്ങിയ ആറ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉടൻ പൂർത്തിയാക്കും. കേന്ദ്രങ്ങളുടെ പണി തടസപ്പെട്ടത് സംബന്ധിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു. നിർമ്മാണം പലയിടത്തും അശാസ്ത്രീയമായ രീതിയിലാണെന്ന് കാണിച്ച് വിവിധ പരാതികൾ ഉയർന്നതോടെ പണികൾ നിറുത്തിവയ്ക്കുകയായിരുന്നു. ഇപ്പോൾ ഓമല്ലൂർ - പ്രക്കാനം റോഡിലെ കാത്തിരിപ്പ് കേന്ദ്രമൊഴികെ ബാക്കിയെല്ലാം പൂർത്തിയാക്കാൻ നിർദേശമുണ്ട്. ആദ്യഘട്ടത്തിൽ ആറ് എണ്ണവും ബാക്കി നാലെണ്ണം അടുത്തഘട്ടത്തിലും നിർമ്മാണം നടത്തും. മന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് അധികൃതർക്കുമാണ് വഴി തടസപ്പെടുത്തുന്നു, റോഡിലേക്ക് ഇറക്കി പണിയുന്നു എന്നിങ്ങനെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി ചിലർ പരാതി നൽകിയത്. എന്നാൽ പൊതുമരാമത്ത് വിഭാഗം നടത്തിയ പരിശോധനയിൽ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തി.
ആറൻമുള നിയോജക മണ്ഡലത്തിലെ പതിനൊന്ന് സ്ഥലങ്ങളിലാണ് കാത്തിരിപ്പ് കേന്ദ്രത്തിന് അനുമതിയായത്. ആറിടങ്ങളിൽ മേൽക്കൂരയൊഴികെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി. മന്ത്രി വീണാജോർജിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് നിർമ്മാണം നടക്കുന്നത്. 43 ലക്ഷമാണ് ഇതിനായി നീക്കിവച്ചിട്ടുള്ളത്.
പണി നടക്കുന്നത് : തെക്കേമല, പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ, ചുരുളിക്കോട്, കടമ്മനിട്ട, കൈപ്പട്ടൂർ, താഴൂർക്കടവ്.
ചെലവ് : 43 ലക്ഷം
" പരാതിയിൽ പരിശോധന നടത്തിയതിന് ശേഷമാണ് പണി വീണ്ടും പുനരാരംഭിച്ചത്. വേഗത്തിൽ തന്നെ പണി പൂർത്തിയാക്കും. "
പി.ഡബ്യൂ.ഡി അധികൃതർ