പത്തനംതിട്ട: ലഹരിക്കെതിരെ ഏറ്റവും ഫലപ്രദമായ മാർഗം ബോധവൽക്കരണമാണെന്ന് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ്.എം.ആർ ഹരിഹരൻ നായർ നായർ പറഞ്ഞു. കേരള ശാന്തി സമിതി സംഘടിപ്പിച്ച ലോക ലഹരി വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം കൂടിവരികയാണ്. ശാരീരികവും മാനസികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒട്ടും ആലോചിക്കാതെയാണ് പലരും ലഹരിവസ്തുക്കൾക്ക് പുറകെ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കവിയും കേരള പട്ടികജാതി ഗോത്ര വർഗ കമ്മീഷൻ മുൻ ചെയർമാനുമായ ജസ്റ്റിസ് എം.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് റഷീദ് ആനപ്പാറ അദ്ധ്യക്ഷത വഹിച്ചു.തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡെവലപ്പ് കമ്മീഷണർ ജി.കൃഷ്ണകുമാർ, ഓൾ കേരള പേരന്റ്സ് അസോസിയേഷൻ ഒഫ് ഹിയറിംഗ് ആൻഡ് ഇംപേർഡ് രക്ഷാധികാരി അലങ്കാർ അഷറഫ്, കേരള ശാന്തി സമിതി സംസ്ഥാന കോർഡിനേറ്റർ ജോസ് ദേവസി, ശ്രീനാരായണ ട്രസ്റ്റ് ബോർഡ് അംഗം വി.എസ്. യശോധര പണിക്കർ, കൊച്ചി കോർപ്പറേഷൻ ജനന മരണ രജിസ്ട്രാർ ബിനു ജോർജ്, കേരള ശാന്തി സമിതി ജോയിന്റ് സെക്രട്ടറി ഷീജ ഇലന്തൂർ, ഹബീബ് റഹ്മാൻ പന്തളം എന്നിവർ സംസാരിച്ചു.